കാഠ്മണ്ഡു: നേപ്പാളില്‍ ജയില്‍മോചിതനായ കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തി. 19 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പ്രായം കണക്കിലെടുത്ത് രണ്ടു വര്‍ഷത്തെ ഇളവ് നല്‍കിയാണ് ഇയാളെ നേപ്പാള്‍ കോടതി മോചിപ്പിച്ചത്.
ഫ്രഞ്ച് പൗരനായതിനാല്‍ ദോഹവഴി പാരിസിലേക്കുള്ള വിമാനത്തില്‍ അയയ്ക്കുകയായിരുന്നു. പത്തു വര്‍ഷത്തേക്ക് നേപ്പാളില്‍ പ്രവേശിക്കാനും അനുമതിയില്ല.
എഴുപത്തെട്ടുകാരനായ ശോഭരാജിനെ ജയിലില്‍നിന്ന് എമിഗ്രേഷന്‍ അധികാരികള്‍ക്കാണ് ആദ്യം കൈമാറിയത്. താമസിപ്പിക്കാന്‍ പ്രത്യേക മുറിയില്ലാത്തതിനാല്‍ നാടുകടത്തില്‍ ഒരു ദിവസംകൂടി നീട്ടണമെന്ന് എമിഗ്രേഷന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചതിനാലാണ് മോചനം വെള്ളിയാഴ്ചയിലേക്ക് നീണ്ടത്. 15 ദിവസത്തിനകം നാടുകടത്തണമെന്നായിരുന്നു ഉത്തരവ്.
1975ല്‍ അമേരിക്കക്കാരിയായ കോണി ജോ ബ്രോന്‍സിച്ചിനെ കൊലപ്പെടുത്തിയ കേസില്‍ 2003ലാണ് ശോഭരാജിന് നേപ്പാളില്‍ ജയില്‍ശിക്ഷ ലഭിച്ചത്. 2003ല്‍ കാഠ്മണ്ഡുവിലെ കാസിനോയില്‍ ഒടുവില്‍ അറസ്ററിലായത്. 2014ല്‍ മറ്റൊരു കേസിലും ജീവപര്യന്തം തടവുശിക്ഷ കിട്ടി. നിരവധി കൊലപാതകങ്ങള്‍ നടത്തിയ ശോഭരാജ് തിഹാര്‍ ജയിലിലും തടവില്‍ കഴിഞ്ഞിരുന്നു. അവിടെ നിന്ന് ജയില്‍ ചാടിയാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തത്.