ന്യൂയോർക്ക് : യുഎസിൽ ഇൻഫ്ലുൻസ ഈ സീസണിൽ 18 മില്ല്യൺ ആളുകൾക്കെങ്കിലും ബാധിച്ചെന്നു സി ഡി സി ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. 190,000 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ 12,000. ഡിസംബർ 17 നു അവസാനിച്ച വാരത്തിലെ കണക്കാണിത്.
ഈയാഴ്ച ഫ്ലൂ ബാധിച്ച 17 കുട്ടികൾ മരിച്ചു. സീസണിൽ മൊത്തം 47.
ഫ്ലൂ കേസുകൾ കൂടുതൽ തന്നെയാണ്. എന്നാൽ മിക്ക സ്ഥലങ്ങളിലും അതു കുറഞ്ഞു വരികയാണ്. ക്രിസ്തുമസ് സീസണിൽ ഉണ്ടാകാവുന്ന വ്യാപനത്തിൽ പക്ഷെ ആശങ്കയുണ്ട്.
ഒരു പതിറ്റാണ്ടിനിടെ ഫ്ലൂ ബാധിച്ചു ആശുപത്രിയിൽ എത്തിയവരുടെ എണ്ണം കണക്കിലെടുത്താൽ ഈ വർഷം ആറിരട്ടിയാണ്.
ഫ്ലുവിനൊപ്പം ആർ എസ് വിയും ഉള്ളതിനാൽ സീസൺ അപകടകരം തന്നെയെന്നു യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഹോസ്പിറ്റലിൽ ശിശുരോഗ വിദഗ്‌ധനായ ഡോക്ടർ ഷോൺ ഓ ലീരി പറഞ്ഞു. ഒഴിവുകാലത്തു ആളുകൾ വീടുകൾക്കുള്ളിൽ കൂട്ടം കൂടുന്നതു കൊണ്ട് വ്യാപനം കൂടാനിടയുണ്ട്.
കോവിഡും വ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്നവരുടെ എന്നതിൽ കഴിഞ്ഞ മാസത്തേക്കാൾ 50% വർധനയുണ്ട്.
വാക്‌സിനുകൾ എടുക്കാൻ സി ഡി സി ജനങ്ങളോട് നിർദേശിക്കുന്നു.