ന്യൂയോർക്ക് : യുഎസ് ഗവൺമെന്റ് പണമില്ലാതെ സ്തംഭിക്കുന്നത് ഒഴിവാക്കാനുള്ള $1.7 ട്രില്യൻ ബിൽ കോൺഗ്രസിന്റെ ഇരു സഭകളും അംഗീകരിച്ചു. പ്രസിഡന്റ് ജോ ബൈഡൻ ഉടൻ ഒപ്പു വയ്ക്കുന്നതോടെ ബിൽ നിയമമാവും. ക്രിസ്തുമസ് അവധി ആരംഭിക്കും മുൻപ് തിരക്കിട്ടു നീക്കിയ ബില്ലിനു വെള്ളിയാഴ്ച ഹൗസ് 225-201 വോട്ടോടെ പച്ചക്കൊടി കാട്ടി. ഇടക്കാല തിരഞ്ഞെടുപ്പിൽ അധോസഭയിലെ ഭൂരിപക്ഷം നഷ്ടമായ ഡെമോക്രാറ്റുകളുടെ അവസാനത്തെ നിയമനിർമാണമാവാം ഇത്.
ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. വ്യാഴാഴ്ച ഡെമോക്രാറ്റിക് ഭൂരിപക്ഷമുളള സെനറ്റിൽ റിപ്പബ്ലിക്കൻ സഹകരണത്തോടെ 68-29 വോട്ടിനാണ് ബിൽ പാസാക്കിയത്. അനധികൃത കുടിയേറ്റം തടയുന്ന ടൈറ്റിൽ 42 റദ്ദാക്കുന്നതു സംബന്ധിച്ച തർക്കത്തിൽ അവിടെ വോട്ടിംഗ് നീണ്ടുപോയിരുന്നു.
ബുധനാഴ്ച റദ്ദാക്കേണ്ട ചട്ടം നീട്ടണം എന്ന ആവശ്യം ഉന്നയിച്ചു അടുത്തിടെ ഡെമോക്രാറ്റിക് പാർട്ടി വിട്ട സെനറ്റർ ക്രിസ്റ്റെൻ സിനെമ (അരിസോണ) ഭേദഗതി കൊണ്ടുവന്നിരുന്നു. അതിർത്തി മേഖലയിലെ സമൂഹങ്ങൾക്ക് ധനസഹായവും അവർ ആവശ്യപ്പെട്ടു.
പ്രതിരോധത്തിനു നീക്കി വച്ച $858 ബില്യൻ ആവശ്യത്തിലേറെയാണെന്ന് സെനറ്റർ ബെർണി സാന്ഡേഴ്സ് വിമർശിച്ചു. എന്നാൽ സർക്കാർ മരവിക്കുന്നതു കാണാൻ ആഗ്രഹമില്ല.
പ്രകൃതി ദുരന്തങ്ങളിൽ നിന്നു രക്ഷപെട്ട സമൂഹങ്ങൾക്കു വേണ്ടി $40 ബില്യൻ ഈ ബില്ലിൽ നീക്കി വച്ചിട്ടുണ്ട്.
ഇലക്ടറൽ കൗണ്ട് ആക്ട് പരിഷ്കരണം തുടങ്ങിയ വിഷയങ്ങളുമുണ്ട്.
യുക്രൈനു $45 ബില്യൻ അടിയന്തര സഹായം അനുവദിക്കുന്ന വ്യവസ്ഥയും കോൺഗ്രസ് അംഗീകരിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസിനെ അഭിസംബോധന ചെയ്ത യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സിലിൻസ്കി യുഎസിനു നന്ദി പറഞ്ഞു. അമേരിക്കൻ ജനതയും നേതാക്കളും ഈ ഘട്ടത്തിൽ യുക്രൈനൊപ്പം നിൽക്കുന്നതു നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.