മെക്സിക്കോ : ഇന്ത്യക്കാരനായ യുവാവ് യുഎസിലേക്ക് എത്താൻ ശ്രമിക്കുമ്പോൾ തെക്കു മെക്സിക്കോ അതിർത്തിയിലെ മതിലിൽ നിന്നു വീണു മരിച്ചു. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തു അനധികൃത കുടിയേറ്റം തടയാൻ നിർമിച്ച 'ട്രംപ് വോൾ' ചാടിക്കടക്കാൻ ശ്രമിക്കുമ്പോൾ ബ്രിജ്‌കുമാർ യാദവിന്റെ (32) ഭാര്യ പൂജയ്ക്കും മൂന്നു വയസുള്ള മകൻ തന്മയ്ക്കും പരുക്കേറ്റു.
ഉത്തർ പ്രദേശികളായ ഇവർ ഗുജറാത്തിൽ ഗാന്ധിനഗർ ജില്ലയിലെ കലോളിൽ നിന്നു നവംബർ 18 നു പുറപ്പെട്ടതാണെന്നു ബന്ധുക്കൾ പറഞ്ഞു. മെക്സിക്കോയിൽ എത്തിയ ശേഷം യാദവ് നാട്ടിലുള്ള ബന്ധുക്കളെ വിളിച്ചിരുന്നു. അപകടം സംഭവിച്ച ശേഷം പൂജ അവരെ വിളിച്ചു വിവരം അറിയിച്ചു.
യാദവും മകനും മതിൽ ചാടാൻ ശ്രമിക്കുമ്പോൾ മെക്സിക്കൻ ഭൂമിയിലേക്കു തന്നെ വീണു. പൂജ യുഎസ് അതിർത്തിക്കുള്ളിലും. കുട്ടിയെ പിന്നീട് പൂജയ്ക്കു എത്തിച്ചു കൊടുത്തു.
ഗാന്ധിനഗറിൽ അനധികൃത കുടിയേറ്റ റാക്കറ്റുകളെ തൂത്തുവാരാൻ ജില്ലാ കലക്‌ടർ നിർദേശം നൽകി.
യാദവിനെയും കുടുംബത്തെയും യുഎസിൽ എത്തിക്കാമെന്ന വാഗ്ദാനവുമായി കേതുർ പട്ടേൽ എന്നൊരാൾ
എത്തിയതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഒന്നേകാൽ കോടി രൂപയാണ് അയാൾ ചോദിച്ചത്.
സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു യാദവ്. പൂജ അധ്യാപികയും. ഉത്തർ പ്രദേശിൽ നിന്ന് ഏഴു വര്ഷം മുൻപാണ് അവർ ഗുജറാത്തിൽ എത്തിയത്.