വാഷിംഗ് ടൺ : യുഎസ് ശൈത്യ കൊടുംകാറ്റിൽ മരണ സംഖ്യ ശനിയാഴ്ച്ച ഉച്ചയോടെ 23 ആയെന്നു എൻ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒക്‌ലഹോമ, കെന്റക്കി, മിസൂറി, ടെനസി, വിസ്കോൺസിൻ, കൻസാസ്, നെബ്രാസ്‌ക, ഒഹായോ, ന്യു യോർക്ക്, കൊളറാഡോ, മിഷിഗൺ സംസ്ഥാനങ്ങളിലാണ് മരണം ഉണ്ടായത്.
ഒഹായോവിലെ സാൻഡസ്‌കിയിൽ 50 കാറുകൾ ഉൾപ്പെട്ട അപകടത്തിൽ നാലു മരണം സ്ഥിരീകരിച്ചു.
"ഞങ്ങളുടെ തെരുവുകളിൽ ഭീകരമായ അപകടങ്ങൾ പൊലീസിനു കൈകാര്യം ചെയ്യേണ്ടി വന്നു," ഗവർണർ മൈക്ക് ഡിവൈൻ പറഞ്ഞു. "പുറത്തിറങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ മെല്ലെ ഓടിക്കുക, സീറ്റ് ബെൽറ്റിടുക, അകലം പാലിച്ചു ഓടിക്കുക."
ഗ്രേറ്റ് ലേക്‌സിൽ കൊടുംകാറ്റും കടുത്ത തണുപ്പും കനത്ത മഞ്ഞും തുടരുന്നുവെന്നു കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. കാനഡയുടെ കിഴക്കൻ ഭാഗങ്ങളെയും ഈ കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.
കനത്ത ഹിമവാതം
ന്യു യോർക്കിന്റെ ബഫലോ ഭാഗത്തു ചരിത്രത്തിൽ ഉണ്ടാവാത്ത ഹിമവാതം യാത്രകൾ അസാധ്യമാക്കിയെന്നു ഗവർണർ കാത്തി ഹോക്കലിന്റെ ഓഫീസ് അറിയിച്ചു. ജീവനു ഭീഷണിയാണ് അവിടത്തെ സ്ഥിതി.
നോർത്ത് കൗണ്ടി, ഫിംഗർ ലെയ്ക്ക്സ്, മധ്യ ന്യു യോർക്ക് എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 മൈൽ കടന്ന കാറ്റടിച്ചു. പടിഞ്ഞാറൻ ന്യുയോർക്കിൽ 79 മൈലും.
ബഫലോയിൽ വെള്ളിയാഴ്ച 22 ഇഞ്ച് മഞ്ഞു വീണു. വാട്ടർടൗണിൽ 3 മുതൽ 5 അടി വരെയും. ഏറി കൗണ്ടിയിൽ നൂറു കണക്കിനാളുകൾ വാഹനങ്ങളിൽ കുടുങ്ങിയിട്ടുണ്ടെന്നു അധികൃതർ പറയുന്നു.
ന്യു യോർക്ക് ഗവർണർ നാഷണൽ ഗാർഡുകളെ വിന്യസിച്ചു.
വൈദ്യുതി നഷ്ടമായി
ശൈത്യക്കാറ്റടിച്ച മേഖലകളിൽ ഏഴു ലക്ഷത്തോളം വീടുകളിൽ വീടുകളിൽ വൈദ്യുതി നഷ്ടമായി.
ശനിയാഴ്ച മാത്രം മൂവായിരത്തിലേറെ ഫ്ലൈറ്റുകൾ റദ്ദാക്കി. 7,500 ഫ്ലൈറ്റുകൾ വൈകി. രാജ്യമൊട്ടാകെ യാത്രക്കാർ വഴിയിൽ കുടുങ്ങി.
ക്രിസ്തുമസിനു രാജ്യത്തെ ഏറ്റവും തണുപ്പുള്ള ഇടം നോർത്ത് ഡക്കോട്ടയിലെ ഫാർഗോ ആണ്.