ന്യൂയോർക്ക് : അരിസോണ ഗവർണർ സ്ഥാനത്തേക്കു മത്സരിച്ചു തോറ്റ റിപ്പബ്ലിക്കൻ സ്ഥാനാർഥി കാരി ലേക്ക് സമർപ്പിച്ച പരാതി കോടതി തള്ളി. തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നു എന്നു വാദിച്ച ഡൊണാൾഡ് ട്രംപിൻറെ അനുയായിക്കു അതൊന്നും തെളിയിക്കാൻ കഴിഞ്ഞില്ലെന്നു ശനിയാഴ്ച്ച മരിക്കോപ്പ കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്ജ് പീറ്റർ തോംസൺ വിധിച്ചു.
ജയിച്ച ഡെമോക്രാറ്റ് കേറ്റി ഹോബ്‌സ് ജനുവരി 2 നു സ്ഥാനമേൽക്കാനിരിക്കെ, അപ്പീൽ പോകുമെന്നു ലേക്ക് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൃത്രിമം കാട്ടിയതു കൊണ്ടാണ് ഹോബ്‌സ് ജയിച്ചതെന്നായിരുന്നു ലെക്കിന്റെ വാദം. എന്നാൽ ഫലം മറിച്ചാവൻ തക്ക കൃത്രിമം നടന്നുവെന്നു തെളിഞ്ഞിട്ടില്ലെന്നു ജഡ്ജ് പറഞ്ഞു. "വ്യക്തവും വിശ്വസനീയവുമായ തെളിവിനു പകരം ഊഹാപോഹങ്ങൾ സ്വീകരിക്കാൻ കോടതിക്കാവില്ല."
എട്ടു വാദങ്ങൾ നേരത്തെ തള്ളിയ കോടതി, പ്രിന്ററുകളുടെ പിഴവും ബാലറ്റുകളുടെ സുരക്ഷിത കസ്റ്റഡിയും സംബന്ധിച്ച വാദങ്ങൾ കേൾക്കാൻ തയാറായിരുന്നു.
2020 പ്രസിഡന്റ് തിരഞ്ഞെടുപ്പു തട്ടിയെടുത്തതാണ് എന്ന തെളിവില്ലാല്ലാത്ത വാദങ്ങൾ ട്രംപ് ഉയർത്തിയപ്പോൾ അതിനെ പിന്തുണച്ച ലേക്കിന്റെ വാദങ്ങളും സമാനമായിരുന്നു. ട്രംപിന്റെ വാദങ്ങൾ ഒരു കോടതിയിലും തെളിഞ്ഞിട്ടില്ല.