വാഷിങ്ടണ്‍: യുഎസില്‍ തുടരുന്ന അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ തീവ്രമായ മഞ്ഞ് വീഴ്ചയും കൊടും തണുപ്പും പിടിമുറുക്കിയിരുക്കുകയാണ്. ഒമ്പത് സ്റേററ്റുകളിലായാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. 48 സ്റേററ്റുകളെയും അതിശൈത്യം ബാധിച്ചിട്ടുണ്ട്.
രണ്ട് ലക്ഷത്തിലധികം ആളുകള്‍ ക്രിസ്മസ് ദിനത്തില്‍ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടിലായി. അഞ്ച് ദിവസം നീണ്ടുനിന്ന മഞ്ഞുവീഴ്ചക്കും കൊടുങ്കാറ്റിനും നേരിയ ശമനം ഉണ്ടായെങ്കിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
അറ്റ്ലാന്റ, ചിക്കാഗോ, ഡെന്‍വര്‍, ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക് എന്നീ സ്ഥലങ്ങളില്‍ യാത്രക്കാര്‍ ക്രിസ്മസ് ദിനത്തിലുള്‍പ്പെടെ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ആയിരക്കണക്കിന് വിമാന സര്‍വ്വീസുകളും വിവിധ ദിവസങ്ങളിലായി റദ്ദാക്കി. ഞായറാഴ്ച 2400 ലധികവും ശനിയാഴ്ച 3500 ഉം വെള്ളിയാഴ്ച 6000 ത്തിലധികവും വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്തെ ഏറ്റവും തിരക്കേറിയ റോഡ് ഗതാഗത മേഖലകളില്‍ ചിലത് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.