വാഷിംഗ്ടണ്‍ : യു എസിലുടനീളമുണ്ടായ അതിശക്തമായ ശീത കൊടുങ്കാറ്റില്‍ 31 പേര്‍ മരിച്ചു.ലക്ഷക്കണക്കിന് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശമുണ്ടായി.വൈദ്യുതിബന്ധം തകര്‍ന്നതോടെ ലക്ഷക്കണക്കിനാളുകള്‍ ഇരുട്ടിലായി. വൈദ്യുതി ,വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തടസ്സപ്പെട്ടു.നൂറുകണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.ബഫാലോ നഗരത്തിലെ ഫയര്‍ ട്രക്കുകളെല്ലാം മഞ്ഞില്‍ കുടുങ്ങിയതോടെ രക്ഷാ പ്രവര്‍ത്തനം പോലും മുടങ്ങി.
യു എസ് ജനസംഖ്യയുടെ 60% പേരും ശീതക്കൊടുങ്കാറ്റിന്റെ ഏതെങ്കിലും തരത്തിലുള്ള ദുരിതങ്ങള്‍ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്.മോശം കാലാവസ്ഥ മൂലം ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് ക്രിസ്മസിന് മുന്നോടിയായുള്ള യാത്ര റദ്ദാക്കിയത്.2,360ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ട്രാക്കിംഗ് സൈറ്റ് ഫ്ളൈറ്റ്അവെയര്‍ റിപ്പോര്‍ട്ട് ചെയ്തു.
വാഹനാപകടങ്ങളും മരത്തിന്റെ ശിഖരം വീണും മറ്റുമാണ് ആളുകള്‍ മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.ബഫലോ ഏരിയയില്‍ മൂന്ന് പേരാണ് മരിച്ചത്. എന്നാല്‍ മോശം സാഹചര്യം മൂലം എമര്‍ജന്‍സി ടീമിന് അവിടേയ്ക്ക് എത്താന്‍ പോലുമായില്ല.
ന്യൂയോര്‍ക്കിലെ ബഫലോയിലാണ് കൊടുങ്കാറ്റ് കനത്ത നാശമുണ്ടാക്കിയത്. ചുഴലിക്കാറ്റിനേക്കാള്‍ ഭീകരമായ നിലയിലാണ് ശീതക്കാറ്റ് ആഞ്ഞടിച്ചത്.ഇക്കാരണത്താല്‍ എമര്‍ജെന്‍സി റസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. മോശം സ്ഥിതിയെ തുടര്‍ന്ന് നഗരത്തിലെ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളവും പൂട്ടി.കനത്ത മഞ്ഞും കുറഞ്ഞ താപനിലയും വൈദ്യുതി മുടക്കവും മൂലം ബഫാലോ നിവാസികളാകെ ദുരിതത്തിലാണ്.
തിങ്കളാഴ്ച രാവിലെ വരെയാണ് എയര്‍പോര്‍ട്ട് അടച്ചിടുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ പറഞ്ഞു.വന്‍ ഹിമപാതമാണുണ്ടായത്. അതിനിടെ മഞ്ഞുമഴയും കൊടുങ്കാറ്റും ഒപ്പം കൊടും തണുപ്പിന്റെ ദുരിതവുമെത്തിയതോടെ മെയ്ന്‍ മുതല്‍ സിയാറ്റില്‍ വരെയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങി.
കിഴക്കന്‍ യുഎസിലുടനീളം 65 മില്യണ്‍ ആളുകള്‍ക്ക് വൈദ്യുതി മുടങ്ങിയെന്നാണ് ഇലക്ട്രിസിറ്റി ഗ്രിഡ് ഓപ്പറേറ്റര്‍ പിജെഎം ഇന്റര്‍കണക്ഷന്‍ നല്‍കുന്ന മുന്നറിയിപ്പ് .മറ്റ് ചില ഓപ്പറേറ്റര്‍മാരും ഇതേ പ്രശ്നങ്ങളാണ് നേരിടുന്നത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് ഇലക്ട്രിസിറ്റി ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന സൂചന.