ന്യൂഡൽഹി : ഖാലിസ്ഥാൻ വിഷയം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധങ്ങളിൽ കരിനിഴൽ വീഴ്ത്തുമ്പോൾ ഖാലിസ്ഥാൻ അനുകൂലികളും എതിരാളികളും ഗ്രെയ്റ്റർ ടൊറോന്റോയിൽ ഏറ്റുമുട്ടിയത് ഇൻഡോ-കനേഡിയൻ സമൂഹത്തിലും സംഘർഷ കാരണമാവുന്നു. സെപ്റ്റംബറിലും നവംബറിലും ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ 'ജനഹിത പരിശോധന' തീവ്രവാദികളുടെ പ്രഹസനമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും പൗര സ്വാതന്ത്ര്യം തടയില്ലെന്നാണ് കാനഡ പ്രതികരിച്ചത്.
കാനഡയിൽ ഇന്ത്യക്കാർക്കെതിരെ അക്രമം ഉണ്ടാവാം എന്നൊരു താക്കീത് ഇന്ത്യ അവിടേക്കു യാത്ര ചെയ്യുന്നവർക്കു നൽകി. കാനഡയ്ക്കു ഇന്ത്യ തന്ത്രപരമായി പ്രാധാന്യമുള്ള രാജ്യമാണെന്നു അടുത്തിടെ അവർ പറഞ്ഞെങ്കിലും ഖാലിസ്ഥാൻ ഇരു രാജ്യങ്ങളുടെയും ബന്ധത്തിനു തകരാറുണ്ടാക്കുന്ന വിഷമായി തന്നെ തുടരുകയാണ്.
/sathyam/media/post_attachments/wuujeB9jlROHJKnmoOVm.jpg)
പൗരസ്വാതന്ത്ര്യവും തീവ്രവാദവും രണ്ടു ഭിന്ന വിഷയങ്ങളാണ്. കാനഡയിൽ വേരുറപ്പിച്ച ഖാലിസ്ഥാൻ തീവ്രവാദികളിൽ ഒട്ടു മിക്കവർക്കും കനേഡിയൻ പാസ്പോർട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടലാണെന്നു ഇന്ത്യ ചൂണ്ടിക്കാട്ടി. ആ നിലയ്ക്ക് അവരെ നിയന്ത്രിക്കണം.
കനേഡിയൻ ആരോഗ്യ മന്ത്രി ആയിരുന്ന പ്രമുഖ ഇൻഡോ-കനേഡിയൻ നേതാവ് ഉജ്ജൽ ദോസഞ്ചി പറയുന്നത് ഖാലിസ്ഥാൻ ചത്തു കഴിഞ്ഞെന്നും അതിനെ നിലനിർത്താനുളള ശ്രമം ചിലർ നടത്തുന്നത് ഫലിക്കില്ലെന്നുമാണ്. പാക്കിസ്ഥാനാണ് അവർക്കു പിന്നിൽ.
മരണാസന്നമായ സംഘടനയെ നിലനിർത്താൻ അവർ എന്തും ചെയ്യും.
എന്നാൽ ഖാലിസ്ഥാനെ തടയാൻ ഇന്ത്യ ശക്തമായ നടപടികൾ എടുക്കണമെന്നു ബ്രാംറ്റണിലുള്ള മുതിർന്ന പഞ്ചാബി പത്രപ്രവർത്തകൻ ബൽരാജ് ഡിയോൾ പറയുന്നു. "ഇവിടെ രാഷ്ട്രീയ പാർട്ടികളിലും സർക്കാരിലും അവർക്കു ലോബികളുണ്ട്. അവരുടെ മതം പറഞ്ഞുള്ള പരേഡുകളൊക്കെ വെറുതെ പേശീബലം കാണിക്കാനാണ്."