ഡബ്ലിന്‍ : അയര്‍ലണ്ടിലെ ജനപ്രിയ വാഹനങ്ങളില്‍ ഭൂരിപക്ഷവും റോഡ് സുരക്ഷാ പരിശോധനകളില്‍ പരാജയമെന്ന് ആര്‍.എസ്.എ. കണക്കുകള്‍. ടെസ്റ്റിനെത്തിയ പകുതിയോളം (47.2%) കാറുകളും റോഡ് സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടു.2020ലേതിനെ (56.3%) അപേക്ഷിച്ച് പരാജയ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. 2021ലേതിനേക്കാള്‍ 400,000 വാഹനങ്ങളാണ് ഇക്കുറി കൂടുതല്‍ പരിശോധിക്കാനായത്. കാസില്‍റിയയിലെ ടെസ്റ്റ് കേന്ദ്രത്തിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടത്. (61.9%) പോര്‍ട്ട്‌ലീസിലാണ് ഏറ്റവും കുറവ് വാഹനങ്ങള്‍ തോറ്റത് (39.8%).
കഴിഞ്ഞ വര്‍ഷം ഏകദേശം 1.42 മില്ല്യണ്‍ കാറുകളാണ് എന്‍ സി ടി ടെസ്റ്റിനെത്തിയത്. ഇതില്‍ 200 ജനപ്രിയ കാര്‍ മോഡലുകളില്‍ 79 എണ്ണവും പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു.കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെസ്റ്റിനെത്തുന്ന വാഹനങ്ങളില്‍ 50-51%വും പരാജയപ്പെടുകയായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നാഷണല്‍ കാര്‍ ടെസ്റ്റിംഗ് സര്‍വീസ് പരിശോധിച്ച എല്ലാ വാഹനങ്ങളുടെയും റിസള്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് റോഡ് സുരക്ഷാ അതോറിറ്റി (ആര്‍ എസ് എ) കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.ഈ വര്‍ഷം ഇതുവരെ ശരാശരി 45.8 ശതമാനം വാഹനങ്ങളും ടെസ്റ്റുകള്‍ വിജയിച്ചില്ലെന്നാണ്് കണക്കുകള്‍ കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പരാജയപ്പെട്ട വാഹനങ്ങള്‍ ലെക്സസ് 200 ആയിരുന്നു.ഈ മോഡലുകളില്‍ 72.3 ശതമാനവും എന്‍ സി ടി ടെസ്റ്റ് വിജയിച്ചില്ല.ഫോക്സ് വാഗണ്‍ ബോറ (71.7%), വോക്സോള്‍ വെക്ട്ര (71.3%), സീറ്റ് കോര്‍ഡോബ (70.6%), നിസ്സാന്‍ പ്രൈമറ (68.5% എന്നീ ജനപ്രിയ മോഡലുകളും ടെസ്റ്റില്‍ പരാജയമായി.സിട്രോണ്‍ സി5, ഒപെല്‍ സാഫിറ, ഫോര്‍ഡ് ഫ്യൂഷന്‍, നിസാന്‍ അല്‍മേര, പിജോട്ട് 206, ഹ്യുണ്ടായ് അക്സന്റ് എന്നീ വാഹനങ്ങളില്‍ 60 ശതമാനത്തിലേറെയും ടെസ്റ്റില്‍ പരാജയപ്പെട്ടു.
സീറ്റ് അറ്റെക്കയുടെ വാഹനങ്ങള്‍ എന്‍ സി ടിയില്‍ മികച്ച പ്രകടനം നടത്തി.വെറും 13.7 ശതമാനം കാറുകള്‍ മാത്രമാണ് ടെസ്റ്റില്‍ പരാജയപ്പെട്ടത്.ഏഴിലൊന്ന് എന്ന നിലയിലാണ് ഈ കാറുകളുടെ എന്‍.സി.ടി. തോല്‍വി.ടൊയോട്ട സി എച്ച് ആര്‍ (14.6%),സുസുക്കി വിറ്റാര (18.2%), റിനോള്‍ട്ട് കാഡ്ജര്‍ (19.1%), മെഴ്സിഡസ് ബെന്‍സ് സി എല്‍ എ CLA (19.8%) എന്നിങ്ങനെയാണ് മറ്റ് കുറഞ്ഞ തോല്‍വി നിരക്കുകള്‍.
എന്‍ സി ടി യ്ക്കെത്തിയ ഏറ്റവും പഴക്കമുള്ള വാഹനങ്ങള്‍ 1982 മോഡലുകളുടേതാണ്.ഫോര്‍ഡ് കോര്‍ട്ടിന, ഫോക്‌സ്വാഗണ്‍ ഗോള്‍ഫ്, വിവിധ മെഴ്‌സിഡസ്-ബെന്‍സ് മോഡലുകള്‍ എന്നിവ ഉള്‍പ്പെടുന്ന 27 വാഹനങ്ങളില്‍ 19 എണ്ണവും എന്‍ സി ടി യില്‍ പരാജയപ്പെട്ടു.
ഏറ്റവും ഉയര്‍ന്ന എന്‍ സി ടി പരാജയ നിരക്ക് രേഖപ്പെടുത്തിയത് സിട്രിയോണ്‍ (57%) കാറുകളാണെന്ന് കണക്കുകള്‍ പറയുന്നു.വോക്‌സ്ഹാള്‍ (55.9%), ഫിയറ്റ് (53.2%), പ്യൂഷോ (52.2%), റെനോ (51%) എന്നിങ്ങനെയും തോല്‍വിയിലും മുന്‍നിര ബ്രാന്റുകള്‍ ഇടം നേടി.കഴിഞ്ഞ വര്‍ഷത്തെ പരാജയപ്പെട്ട മികച്ച 25 ബ്രാന്‍ഡുകളില്‍ നിന്നാണ് ഈ തിരഞ്ഞെടുപ്പ്.ലക്‌സസിന്റെ 38.4 ശതമാനം വാഹനങ്ങളും ടെസ്റ്റില്‍ പരാജയമായി.
ഏറ്റവും പുതിയ വാഹനങ്ങള്‍ പരീക്ഷിച്ച ഡാഷ്യയുടെ 39.6% വാഹനങ്ങളും ടെസ്റ്റില്‍ പിന്നിലായി.ലൈറ്റിംഗ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങളിലെ പിഴവാണ് ഏറ്റവും കൂടുതല്‍ തോല്‍വികളില്‍ (16.5%)കണ്ടതെന്ന് കണക്കുകള്‍ കാണിക്കുന്നു.
സ്റ്റിയറിങ്ങും സസ്പെന്‍ഷന്‍ പിഴവില്‍ 15.5% വാഹനങ്ങളും സൈഡ് സ്ലിപ്പ് ടെസ്റ്റില്‍ 12% കാറുകളും പരാജയപ്പെട്ടു. 10ല്‍ ഒന്ന് വാഹനങ്ങള്‍ ബ്രേക്ക് പരിശോധനയില്‍ പൊളിഞ്ഞു.മലിനീകരണ പരിശോധനയില്‍ 4 ശതമാനം വാഹനങ്ങള്‍ മാത്രമാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ വര്‍ഷത്തെ പ്രാരംഭ പരിശോധനയില്‍ 82,065 കാറുകള്‍ ഗതാഗതയോഗ്യമല്ലെന്ന് കണക്കാക്കിയിരുന്നു. റീ ടെസ്റ്റിന് ശേഷവും 2,735 വാഹനങ്ങള്‍ അപകടകാരികളായി കണ്ടെത്തിയിട്ടുണ്ട്.