അയര്‍ലണ്ടിലെ ആരോഗ്യ രംഗം അതീവ പ്രതിസന്ധിയില്‍

author-image
athira kk
New Update

ഡബ്ലിന്‍ : കോവിഡ് രോഗികളുള്‍പ്പടെയുള്ളവരുടെ താങ്ങാനാവാത്ത തിരക്കുമൂലം അയര്‍ലണ്ടില്‍ ആശുപത്രികള്‍ വീര്‍പ്പുമുട്ടുന്നു.ആശുപത്രികളുടെ എല്ലാ പരിധികളും കഴിഞ്ഞതോടെ പലവിധ പകര്‍ച്ച വ്യാധികള്‍ ബാധിച്ച രോഗികളും അടിയന്തര ചികില്‍സ ആവശ്യമുള്ളവരുമെല്ലാം ഒരു പോലെ വലയുന്ന സ്ഥിതിയാണ്.നൂറുകണക്കിന് രോഗികള്‍ കിടക്കകള്‍ ലഭിക്കാതെ ദുരിതപ്പെടുകയാണ്.
publive-image

Advertisment

രോഗികള്‍ക്ക് ചികില്‍സ നല്‍കാന്‍ ചെറുതും വലുതുമായ എല്ലാ ആശുപത്രികളിലും ജീവനക്കാര്‍ ഒരുപോലെ ബുദ്ധിമുട്ടുകയാണ്.ആശുപത്രികളില്‍ നേരിട്ട് ജിപിയെ കാണാന്‍ കഴിയാത്തതിനാല്‍ രോഗികള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ ക്യൂ നില്‍ക്കുകയാണ്. ഇന്‍ഫ്‌ളുവന്‍സ, കോവിഡ്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ വ്യാപനം കാരണമാണ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചത്. അതേ സമയം രാജ്യത്ത് 737 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.ഇവരില്‍ 35 പേര്‍ ഐ സി യുവിലാണ്.

ലെറ്റര്‍കെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലടക്കമുള്ള ആശുപത്രികള്‍ കോഡ് ബ്ലാക്ക് അടിയന്തരാവസ്ഥയിലാണെന്ന് ജി പിമാര്‍ പറയുന്നു. ഇന്‍ഫ്‌ളുവന്‍സയും മറ്റ് രോഗങ്ങളും ബാധിച്ചവരെ കൈകാര്യം ചെയ്യാന്‍ ഇവിടങ്ങളില്‍ കഴിയുന്നില്ല.സ്‌ട്രെപ്പ് എ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ആന്റിബയോട്ടിക്കുകളുടെ ഷോര്‍ട്ടേജുമുണ്ട്.

രാജ്യത്തെ ആശുപത്രികളുടെ ചരിത്രത്തില്‍ ഇത്തരമൊരു സ്ഥിതി ഉണ്ടായിട്ടില്ലെന്ന് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ.എന്‍.എം.ഒ.) പറഞ്ഞു.ആശുപത്രികളിലെ അമിത സമ്മര്‍ദ്ദം ലഘൂകരിക്കാനും സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കാനും പൊതു-സ്വകാര്യ ആശുപത്രികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ ആവശ്യപ്പെട്ടു.

അധിക ക്ലിനിക്കുകള്‍ തുറന്നേക്കും

തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്ലിനിക്കുകള്‍ തുറക്കുന്നതിന് ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ശ്രമിക്കുന്നുണ്ട്.എന്നാല്‍ എത്ര ജിപിമാര്‍ പുതിയ സ്‌കീമില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. എച്ച് എസ് ഇയും ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പ്രവൃത്തിദിവസങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയും ശനിയാഴ്ചകളില്‍ രാവിലെ 9 നും ഉച്ചയ്ക്ക് 1 നും ഇടയിലാകും അധിക ക്ലിനിക്കുകള്‍ പ്ലാന്‍ ചെയ്യുകയെന്ന് ഐ എം ഒ അറിയിച്ചു.

പുതിയ സ്‌കീം ജി പിമാരെ അമിത സമ്മര്‍ദ്ദത്തിലാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.ഇപ്പോള്‍ത്തന്നെ വര്‍ധിച്ച ജോലി ഭാരം അവരെ വലിയ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. അതിനിടെയാണ് പുതിയ സ്‌കീം വരുന്നത്.ഇതിനെ എങ്ങനെയാകും ജി പിമാര്‍ കാണുകയെന്നതാണ് അറിയേണ്ടത്.

എമര്‍ജന്‍സി വിഭാഗത്തില്‍ പോലും ബെഡുകളില്ല

അത്യാഹിത വിഭാഗങ്ങളില്‍ വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നതെന്ന് ഐറിഷ് അസോസിയേഷന്‍ ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ.ഫെര്‍ഗല്‍ ഹിക്കി പറഞ്ഞു.ബെഡുകളില്ലാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു.

ഒ ഇ സി ഡി ശരാശരി 4.3 ആണെന്നിരിക്കെ അയര്‍ലണ്ടില്‍ ആയിരം പേര്‍ക്ക് 2.8 എന്ന നിലയിലാണ് അക്യൂട്ട് ഹോസ്പിറ്റല്‍ കിടക്കകളുള്ളത്. ജിപി മാരുടെ പ്രവര്‍ത്തന സമയം കൂട്ടിയതുകൊണ്ടോ ഓവര്‍ടൈം നല്‍കിക്കൊണ്ടോ ഈ സ്ഥിതി മാറ്റാനാകുമെന്ന് പ്രതീക്ഷയില്ലെന്ന് ഡോ. ഹിക്കി പറഞ്ഞു.

Advertisment