ന്യൂയോർക്ക് : നയാഗ്ര വെള്ളച്ചാട്ടം പകുതി ഐസായി. അതിശൈത്യം യുഎസിൽ ദുരിതം വിതച്ചപ്പോൾ നയാഗ്രയിൽ വിസ്മയക്കാഴ്ച. ഉറഞ്ഞു കൂടിയ മഞ്ഞും ഐസിന്റെ പാളികളും ന്യു യോർക്ക്-കാനഡ അതിർത്തിയിൽ നയാഗ്രയെ പുതച്ചു കിടക്കുന്നു. അവിടന്നു ഏകദേശം 25 മൈൽ തെക്കാണ് ദുരന്ത ഭൂമിയായി മാറിയ ബഫലോ.
വെള്ളച്ചാട്ടത്തിൽ ശക്തമായ പ്രവാഹം ഉള്ളതു കൊണ്ട് അവിടെ ഉറഞ്ഞു കൂടിയ മഞ്ഞു ഒഴുകിപ്പോവും. ഓരോ സെക്കന്റിലും 3,160 ടൺ വെള്ളമാണ് നയാഗ്ര വെള്ളച്ചാട്ടത്തിൽ കുത്തിയൊഴുകുന്നത്. സെക്കൻഡിൽ 32 അടിയാണ് പ്രവാഹത്തിന്റെ വേഗത. അതു കൊണ്ട് ഒരിക്കലും വെള്ളച്ചാട്ടം പൂർണമായി ഉറഞ്ഞു പോകില്ല.
നയാഗ്ര ഫോൾസ് യുഎസ്എ വെബ്സൈറ്റിൽ പറയുന്നത് ചരിത്രത്തിൽ അഞ്ചു തവണ യുഎസ് ഭാഗത്തുള്ള നയാഗ്ര ഏതാണ്ടു തണുത്തുറയുന്ന സ്ഥിതിയിൽ എത്തി എന്നാണ്. ഫലത്തിൽ അണകെട്ടിയതു പോലെ ആയപ്പോൾ വെള്ളത്തിന്റെ ഒഴുക്കു കുറഞ്ഞു.
ഐസ് വന്നു കനത്തിൽ മൂടാതിരിക്കാൻ 1964ൽ ഉരുക്കിന്റെ ചട്ടക്കൂട് ഉണ്ടാക്കി. കടുത്ത തണുപ്പിൽ നയാഗ്ര നദിയുടെ താഴെ ഐസ് പാലം രൂപം കൊള്ളും. 1912 വരെ ആളുകൾ ഈ പാലം വഴി വെള്ളച്ചാട്ടത്തിനു അടുത്തേക്ക് പോകുമായിരുന്നു. അവിടെ ചില്ലറ കച്ചവടങ്ങളും ഉണ്ടായിരുന്നു. എന്നാൽ മൂന്നു പേർ ഐസ് പൊട്ടി നദിയിൽ വീണു മരിച്ചതോടെ അതിലേക്കുള്ള സഞ്ചാരം നിരോധിച്ചു.