വാഷിംഗ്ടൺ : ചൈനയിൽ നിന്നു യുഎസിലേക്കു വരുന്ന യാത്രക്കാർ വിമാനം കയറും മുൻപ് കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് സി ഡി സി ബുധനാഴ്ച വ്യക്തമാക്കി. ജനുവരി 5 മുതലാണ് ഈ ചട്ടം നടപ്പിൽ വരിക.
രണ്ടു വയസിൽ കൂടുതൽ പ്രായമുള്ള യാത്രക്കാർ പി സി ആർ/ ആന്റിജൻ നെഗറ്റീവ് ടെസ്റ്റ് പറക്കുന്നതിനു രണ്ടു ദിവസം മുൻപ് ചെയ്തിരിക്കണം. ചൈനയിൽ നിന്നു മറ്റൊരു രാജ്യത്തു കൂടി യുഎസിലേക്കു വരുന്ന യാത്രക്കാർക്കും ഇതു ബാധകമാണ്. യാത്രയ്ക്കു 10 ദിവസം മുൻപ് പോസിറ്റീവ് ആയവർക്കു അതു ഭേദമായി എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് ആവശ്യം.
ചൈന ഈ മാസം 'സീറോ കോവിഡ്' നയം ഒഴിവാക്കിയതിനു പിന്നാലെ ഉണ്ടായ വൻ രോഗ വർധന പരിഗണിച്ചാണ് ഈ ചട്ടങ്ങൾ വീണ്ടും കൊണ്ടു വരാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചത്. ഒരു വിദേശ രാജ്യത്തിനെതിരെ ബൈഡൻ ഭരണകൂടം ഇത്തരമൊരു നടപടി എടുക്കുന്നത് ഇതാദ്യമാണ്. ജൂണിൽ അത്തരം ചട്ടങ്ങളെല്ലാം പിൻവലിച്ചിരുന്നു. എന്നാൽ 2019 ൽ മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഉണ്ടായ ഏറ്റവും വലിയ വ്യാപനമാണ് ഇപ്പോൾ ചൈനയിൽ കാണുന്നത്.
സുതാര്യമല്ല
വൈറസ് സംബന്ധിച്ചു ചൈന നൽകുന്ന വിവരങ്ങൾ സുതാര്യമല്ലെന്നും അപര്യാപ്തമാണെന്നും സി ഡി സി ചൂണ്ടിക്കാട്ടി.
മറ്റു പല രാജ്യങ്ങളും സമാനമായ നടപടികൾ എടുത്തിട്ടുണ്ട്. ഇറ്റലി, ജപ്പാൻ, ഇന്ത്യ, തായ്വാൻ, സൗത്ത് കൊറിയ തുടങ്ങി പല രാജ്യങ്ങളും ഇത്തരം ചട്ടങ്ങൾ കൊണ്ടു വന്നു.
ഇറ്റലിയിൽ മിലാനിലെ മാൽപെൻസ വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങളിലായി കോവിഡ് ബാധിച്ച നിരവധി ചൈനക്കാരാണ് ഈയാഴ്ച എത്തിയത്. ഓരോ വിമാനത്തിലും ഉണ്ടായിരുന്ന പകുതിയോളം പേർക്കു രോഗമുണ്ടായിരുന്നു.
ഒരു ഫ്ലൈറ്റിൽ 92 യാത്രക്കാരിൽ 35 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. രണ്ടാമത്തെ വിമാനത്തിൽ 120 ൽ 62 പേർക്കും. അവരെ ക്വാറന്റൈൻ ചെയ്തുവെന്നു ഇറ്റാലിയൻ അധികൃതർ പറഞ്ഞു.
ചൈനയിൽ നിന്ന് ഇറ്റലി കടന്നു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന നടത്തുമെന്നു ഇറ്റാലിയൻ ആരോഗ്യ മന്ത്രി ഒറേസിയോ ഷിലാച്ചി പറഞ്ഞു.
ചൈനയിൽ 3.7 കോടി ആളുകൾക്കു ഡിസംബർ 20നു മാത്രം കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ആദ്യത്തെ 20 ദിവസത്തിനിടെ 24 കോടി ആളുകൾക്ക് കോവിഡ് ബാധിച്ചു.