തിരുവനന്തപുരം : കടുത്ത രക്തസമ്മര്‍ദം അനുഭവിക്കുന്ന രോഗികള്‍ ദിവസം ഒരു കാപ്പിയിലധികം കുടിക്കുന്നത് ഹൃദ്രോഗമരണ സാധ്യത ഇരട്ടിയാക്കുമെന്ന് പഠനങ്ങള്‍. ടോക്കിയോയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിസിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് പോളിസി റിസര്‍ച്ചാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്.
40നും 79നും ഇടയില്‍ പ്രായമുള്ള 6570 പുരുഷന്മാരുടെയും 12,000 സ്ത്രീകളുടെയും വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണം 19 വര്‍ഷം നീണ്ടു. ഇക്കാലയളവില്‍ 842 ഹൃദ്രോഗ ബന്ധിത മരണങ്ങള്‍ ഉണ്ടായി. കാപ്പിയിലെ കഫൈന്‍ ഉണ്ടാക്കുന്ന ഹ്രസ്വ നേരത്തേക്കുള്ള രക്തസമ്മര്‍ദമുള്ളവര്‍ക്ക് താങ്ങാനാകില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഗയ് എല്‍.മിന്‍റ്സ് പറഞ്ഞു. കഫൈന്‍ ഉറക്കത്തിന്‍റെ നിലവാരത്തെയും ദൈര്‍ഘ്യത്തെയും ബാധിക്കുന്നതും ഹൃദ്രോഗികള്‍ക്ക് തിരിച്ചടിയാകും. കഫൈന്‍ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ ഇടയാക്കുന്നതും രക്തസമ്മര്‍ദം വര്‍ധിപ്പിക്കാമെന്ന് പഠനം പറയുന്നു.
ഒരു കപ്പ് കാപ്പി ഒരു ദിവസം കുടിക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നും ഇതിനു മുകളിലേക്ക് കാപ്പിയുടെ അളവ് വര്‍ധിക്കുന്നത് ഹൃദ്രോഗികള്‍ക്ക് അത്ര നല്ലതല്ലെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. പകരം ഗ്രീന്‍ ടീ കുടിക്കുന്നത് നന്നായിരിക്കുമെന്നും പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇതിലെ പോളിഫെനോളുകളും ഫ്ളാവനോയ്ഡുകളും രക്തധമനികളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തി സമ്മര്‍ദം കുറയ്ക്കുന്നു. നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനും ഗ്രീന്‍ ടീ കാരണമാകുന്നു. ജേണല്‍ ഓഫ് ദ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.