മോസ്കോ: ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ അടുത്ത വര്‍ഷം യുദ്ധമുണ്ടാകുമെന്ന് റഷ്യയുടെ മുന്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന ദിമിത്രി മെദ്വദേവിന്റെ പ്രവചനം.
യുഎസില്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നും, അതിനൊടുവില്‍ ഇലോണ്‍ മസ്ക് അവിടെ പ്രസിഡന്റാകുമെന്നും കൂടി മെദ്വദേവ് പ്രവചിക്കുന്നു. ഐതിഹാസികം എന്നാണ് മസ്ക് ഈ പ്രവചനത്തെ വിശേഷിപ്പിച്ചത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ അടുത്ത അനുയായി ആയ മെദ്വദേവ് ഇപ്പോള്‍ റഷ്യന്‍ സുരക്ഷാസമിതിയുടെ ഉപാധ്യക്ഷനാണ്.
2023ല്‍ നടക്കാനിരിക്കുന്നതെന്ന് കാണിച്ച് 10 സംഭവങ്ങളാണ് മെദ്വദേവ് തന്റെ ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളില്‍ പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചെത്തുമെന്നും പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ തകരുമെന്നുമാണ് മറ്റൊരു പ്രവചനം.
യുക്രെയ്നിന്റെ പടിഞ്ഞാറന്‍ മേഖലകള്‍ പോളണ്ടും ഹംഗറിയും പിടിച്ചെടുക്കും. വടക്കന്‍ അയര്‍ലന്‍ഡ് ബ്രിട്ടനില്‍ നിന്ന് വേര്‍പ്പെട്ട് റിപ്പബ്ളിക്ക് ഓഫ് അയര്‍ലന്‍ഡില്‍ ചേരും. വലിയ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ അമേരിക്ക ഉപേക്ഷിക്കുമെന്നും ഏഷ്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മെദ്വദേവ് പറയുന്നു.