ദുബൈ: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബോളിനിടെ പ്രശസ്തമായ ആഡംബര കപ്പല്‍ ദുബൈയിലെത്തി. ആഡംബരബ്രിയരായ ആരാധകര്‍ പലരും ലോകകപ്പ് സമയത്ത് താമസിക്കാന്‍ തെരഞ്ഞെടുത്തത് ഈ കപ്പലായിരുന്നു.
എം.എസ്.സി വേള്‍ഡ് യൂറോപ്പ എന്ന ക്രൂസ് കപ്പല്‍ അറിയപ്പെടുന്നതു തന്നെ ഫ്ളോട്ടിങ് ഹൊട്ടേല്‍ എന്നാണ്. ഇപ്പോള്‍ ദോഹയില്‍ നിന്ന് നാല് രാത്രികള്‍ സഞ്ചരിച്ചാണ് കപ്പല്‍ ദുബൈയിലെത്തിയിരിക്കുന്നത്. 4500 യാത്രക്കാരാണ് ഇതിലുള്ളത്. വിന്റര്‍ ടൂറിസമാണ് ഇപ്പോഴത്തെ ആകര്‍ഷണം.
14 തവണകളായി ക്രൂസ് കപ്പല്‍ 1.89ലക്ഷം ടൂറിസ്ററുകളെ ദുബൈയില്‍ എത്തിക്കാനാണ് പദ്ധതിയുള്ളത്. അത്യാഡംബര സൗകര്യങ്ങളാണ് കപ്പലില്‍ ലഭ്യമായിട്ടുള്ളത്.
ഫ്രാന്‍സിലെ സെന്റ് നസയ്റിലെ ഷിപ്പ്യാര്‍ഡില്‍ പണി പൂര്‍ത്തിയാക്കിയ കപ്പല്‍ കടലിലിറങ്ങിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. കപ്പലിന്‍റെ ആദ്യ ദൗത്യമായിരുന്നു ലോകകപ്പിനുള്ള താമസ സൗകര്യം.
ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് എന്ന പ്രത്യേകത ഇതിനുണ്ട്. കപ്പലിന് 333 മീറ്റര്‍ നീളവും, 68 മീറ്റര്‍ ഉയരവുമാണ് വലിപ്പം. ആറ് വിശാലമായ നീന്തല്‍ കുളങ്ങള്‍, 14 വേള്‍പൂള്‍, തെര്‍മല്‍ ബത്ത്, ബ്യൂട്ടി സലൂണ്‍, ജിം, വെല്‍നെസ് സെന്റര്‍, സ്പാ ഇങ്ങനെ പോകുന്നു സൗകര്യങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ വിനോദ പരിപാടികളും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്.