ഇതുവരെ ബൂസ്റ്റര്‍ ഡോസ് ലഭിച്ചില്ലേ ? പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഇപ്പോള്‍ അവസരം

author-image
athira kk
New Update

ഡബ്ലിന്‍ : കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 18നും 49നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നു.കോവിഡും ഫ്ളൂവും ശ്വാസകോശ സംബന്ധമായ അണുബാധകളുമാണ് രാജ്യത്ത് വലിയ ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണിത്. ഇന്നലെയും കോവിഡ് ബാധിച്ച് 723 പേരാണ് ആശുപത്രിയിലെത്തിയത്.ഇവരില്‍ ഗുരുതരാവസ്ഥയിലുള്ളവരെയെല്ലാം ഐസിയുവില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

പലവിധ കാരണങ്ങളാല്‍ ആരോഗ്യരംഗമാകെ പ്രതിസന്ധിയിലാണ്. എമര്‍ജന്‍സി വിഭാഗത്തിലടക്കം രോഗികള്‍ ട്രോളിയില്‍ ചികില്‍സയ്ക്കായി കാത്തിരിക്കുന്നു. അതിനിടെ കോവിഡ് ബാധ കൂടി രൂക്ഷമായാല്‍ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാതാകുമെന്ന തിരിച്ചറിവിലാണ് എച്ച് എസ് ഇയുടെ ഈ തീരുമാനമെന്നാണ് കരുതുന്നത്.

വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റെടുക്കാം

18-49 വയസ് പ്രായമുള്ളവര്‍ക്ക് രണ്ടാമത്തെ കോവിഡ് ബൂസ്റ്റര്‍ ഡോസിനായി എച്ച് എസ് ഇ വെബ്‌സൈറ്റ് വഴി അപ്പോയിന്റ്മെന്റെടുക്കാമെന്ന് എച്ച് എസ് ഇ അറിയിച്ചു. 18-49 വയസ് പ്രായമുള്ളവര്‍ക്കും ബൈവാലന്റ് വാക്സിനാകും നല്‍കുകയെന്ന് കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാമിന്റെ നാഷണല്‍ ഹെഡ് എലീന്‍ വീലന്‍ പറഞ്ഞു.

സെന്‍ട്രല്‍ വാക്സിനേഷന്‍ ക്ലിനിക്കുകളില്‍ നിന്നും ആളുകള്‍ക്ക് വാക്സിന്‍ എടുക്കാം.അതേസമയം, ജിപിമാരില്‍ നിന്നും ഫാര്‍മസികളില്‍ നിന്നും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ലഭിക്കും. മികച്ച സംരക്ഷണം ഉറപ്പാക്കുന്നതാണ് ബൈവാലന്റ് വാക്സിനെന്ന് അവര്‍ പറഞ്ഞു.

സെക്കന്റ് ബൂസ്റ്ററെടുക്കാത്തവരേറെ

സെക്കന്റ് ബൂസ്റ്റര്‍ വാക്സിനെടുക്കുന്നത് എച്ച് എസ് ഇ പ്രതീക്ഷിച്ചത്ര വ്യാപകമായില്ലെന്ന് എച്ച് എസ് ഇയുടെ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ ഡോ. കോള്‍ ഹെന്റി പറഞ്ഞു.

ഫസ്റ്റ് ബൂസ്റ്റര്‍ 77% ആളുകളെടുത്തു. എന്നാല്‍ കോവിഡ് ഭീഷണി കുറഞ്ഞതിനാല്‍ പിന്നീട് ആളുകള്‍ അതെടുക്കുന്നതില്‍ നിന്നും പിന്മാറി. ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അണുബാധയും ഗുരുതരാവസ്ഥയും തടയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ആറുമാസം മുതല്‍ നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്കും വാക്സിന്‍

ആറുമാസം മുതല്‍ നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആദ്യ കോവിഡ് വാക്സിന്‍ നല്‍കാനും തീരുമാനമുണ്ട്.നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ (എന്‍ ഐ എ സി) ഉപദേശത്തെ തുടര്‍ന്നാണിത്.ഇതിനുള്ള സ്റ്റാറ്റിയൂട്ടറി ഇന്‍സ്ട്രുമെന്റും കര്‍മ്മപദ്ധതികളും തയ്യാറായിവരികയാണ്.പുതുവര്‍ഷാരംഭത്തില്‍ത്തന്നെ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും ബൈവാലന്റ് ബൂസ്റ്റര്‍ ഡോസാണ് നല്‍കുകയെന്ന് എച്ച് എസ് ഇ പറഞ്ഞു.ചെറുപ്രായക്കാര്‍ക്കുള്ള വാക്സിനുകള്‍ ആരംഭിക്കുന്നതിന് മുമ്പ് നിരവധി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.പ്രതിരോധശേഷി കുറഞ്ഞ 5-11 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട്. അതും ബൈവാലന്റ് വാക്സിനാണ്.

Advertisment