വാഷിംഗ്ടൺ: അടുത്തയാഴ്ച കോൺഗ്രസിൽ റിപ്പബ്ലിക്കൻ ഭുരിപക്ഷമാകുന്നതിനു മുൻപ് ഹൗസ് ഡെമോക്രാറ്റുകൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി റിട്ടേൺ പുറത്തുവിട്ടു.
മുൻ പ്രസിഡന്റിന്റെ സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെട്ട് 2019 ൽ കേസെടുത്ത ഹൗസ് വേസ് ആൻഡ് മീൻസ് കമ്മിറ്റിയും ട്രംപും തമ്മിലുള്ള ദീർഘകാല നിയമ പോരാട്ടത്തിന്റെ അവസാന അധ്യായമാണ് ഇത് . റിപ്പബ്ലിക്കൻ കമ്മിറ്റി ടാക്സ് റിട്ടേൺ പുറത്തു വിടുന്നതിനെ എതിർത്തു. രഹസ്യ നികുതി വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് ഡെമോക്രാറ്റുകൾ പുതിയ രാഷ്ട്രീയ ആയുധം പ്രയോഗിക്കുന്നുവെന്ന് പാർട്ടി ആരോപിച്ചു.
ട്രംപ് ടാക്സ് കുറക്കാൻ വലിയ നഷ്ടം കാണിച്ചുവെന്ന 29 പേജുള്ള സംഗ്രഹത്തിൽ പറയുന്നു. 2015 നും 2020 നും ഇടയിലുള്ള ആറ് നികുതി വർഷങ്ങളിൽ നാലിലും ട്രംപും ഭാര്യ മെലാനിയയും നെഗറ്റീവ് വരുമാനം (നഷ്ടം) റിപ്പോർട്ട് ചെയ്തതായി പ്രാഥമിക വെളിപ്പെടുത്തലുകൾ പറയുന്നു.
2018-ൽ 24.3 മില്യൺ ഡോളറും 2019-ൽ 4.4 മില്യണും പോസിറ്റീവ് വരുമാനം ട്രംപ് റിപ്പോർട്ട് ചെയ്തു. ദമ്പതികൾ 2018-ൽ ഒരു മില്യൺ ഡോളറും 2019-ൽ 1,33,445 ഡോളറും നികുതിയായി അടച്ചു.
2015, 2016, 2017 വർഷങ്ങളിൽ ട്രംപിന്റെ ഫെഡറൽ ടാക്സ് ബിൽ വെറും 750 ഡോളറായിരുന്നു. 2020-ൽ അന്നത്തെ പ്രസിഡന്റ് 4.8 മില്യൺ ഡോളറിന്റെ നഷ്ടം റിപ്പോർട്ട് ചെയ്യുകയും ഫെഡറൽ നികുതിയായി $0 അടക്കുകയും ചെയ്തു. ആ വർഷം ഫെഡറൽ കോവിഡ് -19 പാൻഡെമിക് സഹായം സ്വീകരിക്കുന്നതിൽ നിന്ന് ഹോട്ടലുകളും ഗോൾഫ് കോഴ്‌സുകളും ഉൾപ്പെടെ ട്രംപിന്റെ ബിസിനസുകൾക്ക് കോൺഗ്രസ് വിലക്കേർപ്പെടുത്തി.
പ്രസിഡന്റുമാർക്കുള്ള ഐ ആർ എസ് -ന്റെ നിർബന്ധിത ഓഡിറ്റ് പ്രോഗ്രാം അവലോകനം ചെയ്യുന്നതിന് നികുതി റിട്ടേണുകൾ ആവശ്യമാണെന്ന് കമ്മിറ്റി പറഞ്ഞു.
ഐആർഎസ് ഓഡിറ്റ് കാരണം തനിക്ക് രേഖകൾ പുറത്തുവിടാൻ കഴിയില്ലെന്ന് 2016ലെ പ്രചാരണ വേളയിലും തന്റെ പ്രസിഡൻറ് കാലത്തിലുടനീളം ട്രംപ് അവകാശപ്പെട്ടു.
അധികാരത്തിലിരിക്കെ തന്റെ 400,000 ഡോളർ പ്രസിഡൻഷ്യൽ ശമ്പളം നിരസിച്ച ട്രംപ്, കഴിഞ്ഞ വെള്ളിയാഴ്ച തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ടാക്സ് വിവരം പുറത്തു വിടുന്നതിനെ അപലപിച്ചു. അധികാരത്തിന്റെ അതിരുകടന്ന ദുർവിനിയോഗത്തിൽ, റാഡിക്കൽ ഡെമോക്രാറ്റ് കോൺഗ്രസ് എന്റെ വ്യക്തിഗത നികുതി റിട്ടേണുകൾ അനധികൃതമായി നേടുകയും ചോർത്തുകയും ചെയ്തുവേണ്ട ട്രംപ് പറഞ്ഞു.