വാര്‍ഷിക അവലോകനം: ലാറ്റിനമേരിക്കയില്‍ റെഡ് സ്പ്രിങ്

author-image
athira kk
New Update

സാവോപോളോ: ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഇടതുപക്ഷ ആഭിമുഖ്യത്തിലേക്കു മാറുന്ന കാഴ്ചയാണ് 2022 നല്‍കുന്നത്. ഏതാനും വര്‍ഷങ്ങളായി ഇടതുപക്ഷത്തെ കൈവിട്ട് തീവ്ര വലതുപക്ഷ ആശയങ്ങളോടു ചേര്‍ന്നു നിന്ന പല രാജ്യങ്ങളും തിരികെ ഇടത്തേക്ക് ചായുന്നതാണ് പ്രവണത.

Advertisment

publive-image

ബ്രസീലില്‍ ജൈര്‍ ബോല്‍സോനാരോയുടെ നാലു വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് തൊഴിലാളി നേതാവ് ലൂല ഡ സില്‍വ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കള്ളക്കേസുകളില്‍ നിന്ന് മുക്തനായി ജയില്‍ മോചിതനായി ലുല നടത്തിയ തിരിച്ചുവരവ് ഐതിഹാസികം തന്നെയായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ മാതൃകകള്‍ പിന്തുടരുന്ന നേതാവാണ് ജൈര്‍ ബോല്‍സൊനാരോ.

ലോകത്ത് ആദ്യമായി ഒരു കമ്യൂണിസ്റ്റ് നേതാവ് രാജ്യത്തിന്റെ തലവനായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ചിലിയിലാണ്, 1970ല്‍. അന്നു ചിലിയുടെ പ്രസിഡന്റായ സാല്‍വദോര്‍ അലെന്‍ഡെയെ മൂന്നു വര്‍ഷത്തിനു ശേഷം പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി അധികാരത്തിലെത്തിയത് അഗസ്റേറാ പിനോഷെ എന്ന ഏകാധിപതി. 1990വരെ പിനോഷെ അധികാരത്തില്‍ തുടര്‍ന്നു. എന്നാല്‍, ഇന്ന് ചിലിയില്‍ അധികാരത്തിലിരിക്കുന്നത് കമ്യൂണിസ്ററ് നേതാവായ ഗബ്രിയേല്‍ ബോറിക് ആണ്.

കൊളംബിയയിലും ഗുസ്താവോ പെട്രോയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം അധികാരത്തിലേറി. ഹോണ്ടുറസില്‍ ഇടതുനേതാവായ സിയോമാര കാസ്ട്രോ അധികാരത്തിലേക്കു തിരിച്ചുവന്നു. 12 വര്‍ഷം മുമ്പ് സിയോമാരയുടെ ഭര്‍ത്താവ് മാനുവല്‍ സെലയയെ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയാണ് വലതുപക്ഷം ഭരണംപിടിച്ചത്. അര്‍ജന്റീനയില്‍ വലതുപക്ഷ പ്രസിഡന്റ് മൗറിസിയോ മാക്രിയെ പരാജയപ്പെടുത്തി ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് അധികാരത്തിലെത്തി. മെക്സിക്കോയിലും ബൊളീവിയയിലും ഇടതുപക്ഷമാണ് അധികാരത്തില്‍. അതേസമയം, പെറുവില്‍ പെഡ്രോ കാസ്ററില്ലോയെന്ന ഇടതുനേതാവിനെ പാര്‍ലമെന്റ് ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയതോടെ രാജ്യത്ത് പ്രക്ഷോഭവും അടിയന്തരാവസ്ഥയുമായിക്കഴിഞ്ഞു.

Advertisment