ബ്രസല്‍സ്: 2022 അവസാനിക്കുമ്പോള്‍ യൂറോപ്പില്‍ കാണുന്ന രാഷ്ട്രീയ പ്രവണത ഒട്ടൊക്കെ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമാണ്. തീവ്രദേശീയതയും കുടിയേറ്റ വിരുദ്ധതയും ഇസ്ലാമോഫോബിയയും ചേര്‍ന്നാണ് യൂറോപ്പിനെ വലതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയിരിക്കുന്നത്.
/sathyam/media/post_attachments/zEsVGQ8JCBYopgs3cv2X.jpg)
രണ്ടാം ലോക യുദ്ധത്തിന് ശേഷം ആദ്യമായി തീവ്ര വലതുപക്ഷ പാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലെത്തുന്നതിനും 2022 സാക്ഷ്യം വഹിച്ചു. ബ്രദേഴ്സ് ഇറ്റലിയുടെ ജോര്‍ജിയ മെലോനി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഇതു വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷ പ്രസ്ഥാനമായ എഎഫ്ഡിയെ കൂടാതെ നിയോ നാസി പ്രസ്ഥാനങ്ങളും ശക്തിയാര്‍ജിക്കുകയാണ്. ഇവര്‍ രാജ്യത്ത് സായുധ അട്ടിമറി നടത്താന്‍ വരെ ശ്രമം നടത്തിയിരുന്നു. ഫ്രാന്‍സില്‍ അധികാരം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും നിര്‍ണായക ശക്തിയായി മാറാന്‍ വലതുപക്ഷ നേതാവ് മറീന്‍ ലി പെന്നിനു സാധിച്ചിരുന്നു.
യൂറോപ്പിലെ വലുതും ചെറുതുമായ 14 രാജ്യങ്ങളില്‍ 14 ദേശീയ പാര്‍ട്ടികളാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുന്നത്. ഹംഗറിയിലെ ഫിഡെസ് പാര്‍ട്ടി, സ്വിറ്റ്സര്‍ലന്‍ഡിലെ സ്വിസ് പീപിള്‍സ് പാര്‍ട്ടി, ഫിന്‍ലന്‍ഡിലെ ദ ഫിന്‍സ്, ഓസ്ട്രിയയിലെ ഫ്രീഡം പാര്‍ട്ടി, ബെല്‍ജിയത്തിലെ ന്യൂ ഫ്ലെമിഷ് അലയന്‍സ്, സ്വീഡനിലെ സ്വീഡന്‍ ഡെമൊക്രാറ്റ്സ്, നെതര്‍ലന്‍ഡിലെ ഫ്രീഡം പാര്‍ട്ടി, ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി, ചെക്ക് റിപ്പബ്ളിക്കിലെ ഫ്രീഡം ആന്‍ഡ് ഡയറക്ട് ഡെമോക്രസി, ഡെന്‍മാര്‍ക്കിലെ ഡാനിഷ് പാര്‍ട്ടി, എസ്റേറാണിയയിലെ കണ്‍സര്‍വേറ്റീവ് പീപിള്‍സ് പാര്‍ട്ടി, സ്ളോവാക്യയിലെ അവര്‍ സ്ളോവാക്യ, പോളണ്ടിലെ കോണ്‍ഫെഡറേഷന്‍, ഇറ്റലിയിലെ ദ ലീഗ്, ഗ്രീസിലെ ഗ്രീക്ക് സൊലൂഷന്‍, സൈപ്രസിലെ ഇലാം, സ്പെയിനിലെ ഫോക്സ് എന്നിവയെല്ലാം ഇതില്‍പ്പെടുന്നു.
പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രിസെ ഡൂഡ വലതുപക്ഷ ആഭിമുഖ്യമുള്ളയാളാണ്. ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും നിലപാടുകളില്‍ വലതുപക്ഷം തന്നെ. അതിര്‍ത്തികള്‍ അടച്ചിടുന്നതും കുടിയേറ്റം കണ്ണുമടച്ച് തടയുന്നതും ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷ പ്രചരണം നടത്തുന്നതുമെല്ലാമാണ് യൂറോപ്യന്‍ വലതുപക്ഷ പാര്‍ട്ടികളുടെ മുഖമുദ്രകള്‍.