സൗദി അറേബ്യ: പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർസ്റ്റാർ ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി അറേബ്യയിലെ അൽ നാസർ ക്ലബ്ബിൽ ഏഴാം നമ്പർ ജേഴ്‌സി അണിയും. 37 വയസുള്ള താരം $200 മില്യന്റെ മൂന്നു വർഷത്തെ കരാറാണ് ഒപ്പിട്ടതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിവർഷം 75 മില്യൺ ഡോളറാണ് ലഭിക്കുക എന്നാണ് മറ്റൊരു റിപ്പോർട്ട്.
റിയാദ് ആസ്ഥാനമായ ക്ലബ് പ്രസ്താവനയിൽ പറഞ്ഞു: "ചരിത്രം എഴുതപ്പെടുകയാണ്. കൂടുതൽ വലിയ വിജയങ്ങൾ നേടാൻ ഈ വരവ് ഞങ്ങളുടെ ക്ലബ്ബിനെ ആവേശം കൊള്ളിക്കും.
"ഞങ്ങളുടെ ലീഗും ഞങ്ങളുടെ രാജ്യവും ഭാവി തലമുറകളും ആവേശം കൊള്ളും. ക്രിസ്റ്റിയാനോ, അങ്ങയുടെ പുതിയ ഭവനത്തിലേക്കു സ്വാഗതം."
പലസ്തീൻ ജനതയ്ക്കു കലവറയില്ലാതെ പിന്തുണ നൽകുന്ന റൊണാൾഡോ അറബ് ലോകത്തു തന്നെ ആവേശമാണ്. ഇക്കഴിഞ്ഞ ലോക കപ്പിൽ അർജന്റീനയെ തോൽപിച്ചു കരുത്തു കാട്ടിയ സൗദി ടീമിലെ പല മികച്ച കളിക്കാരും അൽ നാസറിൽ കളിക്കുന്നുണ്ട്.
റൊണാൾഡോ പറഞ്ഞു: "യൂറോപ്യൻ ഫുട്ബോളിൽ നേടാൻ ശ്രമിച്ചതൊക്കെ നേടാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇനി ഏഷ്യയുമായി എന്റെ അനുഭവം പങ്കിടാൻ സമയമായി എന്ന് എനിക്ക് തോന്നുന്നു."
ആദ്യമായി യൂറോപ്യൻ ലീഗ് വിടുന്ന റൊണാൾഡോ അൽ നാസർ താരമായി ഏഷ്യൻ ചാമ്പ്യന്ഷിപ്സ് ലീഗിൽ കളിക്കും. റയൽ മഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും ആയിരുന്നു അദ്ദേത്തിന്റെ ക്ലബ്ബ്കൾ. അഞ്ചു തവണ ബാലൻ ദേ' ഓർ പുരസ്‌കാരം നേടിയ റൊണാൾഡോ പോർച്ചുഗലിനു വേണ്ടി 2016 ൽ ആദ്യത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പും നേടി.
നവംബറിൽ മാൻ യുണൈറ്റഡ് നേതൃത്വത്തെ വിമർശിച്ച റൊണാൾഡോ പിന്നീട് ക്ലബ്ബിൽ നിന്ന് പിരിഞ്ഞു. സൗദി ടീമുമായുള്ള ചർച്ചകൾ ആരംഭിച്ചതു ഖത്തർ വേൾഡ് കപ്പിനിടെയാണ്.