ന്യൂയോർക്ക് : യൂണിവേഴ്സിറ്റി ഓഫ് ഐഡഹോയിലെ നാലു വിദ്യാർഥികളെ കത്തിക്കു കുത്തിക്കൊന്ന കേസിൽ വാഷിംഗ്‌ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റിനു പഠിക്കുന്ന 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു യുവാവും മൂന്ന് യുവതികളും താമസസ്ഥലത്തു ഉറങ്ങിക്കിടക്കുമ്പോൾ കൊല്ലപ്പെട്ടിട്ടു ഏഴാഴ്ച കഴിഞ്ഞാണ് ബ്രയാൻ ക്രിസ്റ്റഫർ കൊബർഗറെ വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിക്കു പെൻസിൽവേനിയയിൽ നിന്നു പിടികൂടിയത്.
വടക്കു കിഴക്കൻ പെൻസിൽവേനിയയിൽ പോക്കോണോ മലനിരകൾക്കു സമീപം മൺറോ കൗണ്ടിയിൽ സ്ക്രാൻടനിലെ ചെസ്ററ്നട്ട്ഹിൽ ടൗൺഷിപ്പിൽ നിന്ന് അറസ്റ്റ് ചെയ്ത കൊബർഗറുടെ കാറും കണ്ടെടുത്തു. വെളുത്ത നിറത്തിലുള്ള ഈ ഹ്യുണ്ടായി എലാൻട്ര കാർ കൊല നടന്ന സമയത്തിനടുപ്പിച്ചു സംഭവ സ്ഥലത്തു കണ്ടതായി സാക്ഷി മൊഴികൾ ഉണ്ടായിരുന്നു.
കൊലയ്ക്കു ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ആയുധം കണ്ടെടുത്തിട്ടില്ലെന്നു മോസ്കോ പൊലീസ് മേധാവി ജെയിംസ് ഫ്രൈ പറഞ്ഞു.
കരുതിക്കൂട്ടിയുള്ള നാലു കൊലപാതകങ്ങൾ ആണ് കൊബർഗറുടെ മേൽ ചുമത്തിയിട്ടുള്ളത്. ഐഡഹോയിലേക്കു കൈമാറ്റം ചെയ്യാനുള്ള നടപടികൾ പൂർത്തിയായ ശേഷമേ വിശദാംശങ്ങൾ പുറത്തു വിടൂ.
കൊബർഗറെ നാലു ദിവസമായി പൊലീസ് പിന്തുടരുകയായിരുന്നു എന്നാണ് വിവരം. ആത്മഹത്യാ പ്രവണതയുള്ള അയാളെ മൺറോ കൗണ്ടി ജയിലിൽ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. വെള്ളിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ അയാൾ ശാന്തനായി ആളുകളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
കയ്‌ലി ഗോൺസാൽവസ് (21), മാഡിസൺ മോഗൻ (21), സന കെർനോഡിൽ (20) ഇതൻ ചാപ്പിൻ (20) എന്നിവർ നവംബർ 13 നാണു യൂണിവേഴ്സിറ്റിക്കടുത്തുള്ള വാടക കെട്ടിടത്തിൽ കൊല്ലപ്പെട്ടത്. അവിടന്നു കഷ്ടിച്ചു 10 മൈൽ അകലെ പുൾമനിലാണ് കൊബർഗർ പഠിക്കുന്ന വാഷിംഗ്‌ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. ക്രിമിനൽ ജസ്റ്റിസ് ആണ് പ്രതിയുടെ പാഠ്യ വിഷയം.
കൊല നടന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ഡി എൻ എ കൊബർഗറുടേതുമായി പൊരുത്തപ്പെടുന്നുവെന്നു പൊലീസ് അറിയിച്ചുവെന്നു സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.
പൊലീസ് 19,000 സൂചനകൾ പരിഗണിച്ചെന്നു ഫ്രൈ പറഞ്ഞു. അവ നൽകാൻ മുന്നോട്ടു വന്ന പൗരന്മാരോടു നന്ദിയുണ്ട്.
കൊബർഗറെ അറസ്റ്റ് ചെയ്തത് എന്തു തെളിവുകൾ വച്ചാണെന്ന ചോദ്യത്തിനു ഫ്രൈ മറുപടി പറഞ്ഞില്ല. ആരോപിച്ച കുറ്റങ്ങളിൽ കവർച്ചയും ഉണ്ടെന്നു ലാറ്റ കൗണ്ടി പ്രോസിക്യൂട്ടർ ബിൽ തോംസൺ പറഞ്ഞു. ഉറങ്ങി കിടന്നവരെ വിളിച്ചുണർത്തി നീളമുള്ള കത്തി കൊണ്ട് നിരവധി തവണ കുത്തി കൊന്നു എന്നാണ് പൊലിസിന്റെ നിഗമനം.
ഗോൺസാൽവസും മോഗനും ഒരേ കിടക്കയിലാണ് ഉറങ്ങിയിരുന്നത്. ആത്മസുഹൃത്തുക്കളായ യുവതികൾ പുറത്തു പോയി അർധരാത്രി കഴിഞ്ഞാണ് തിരിച്ചു വന്നത്. നേരത്തെ കോർണർ ക്ലബ്ബിൽ അവർ ഉണ്ടായിരുന്നുവെന്ന് കാമറ ദൃശ്യങ്ങളിൽ കാണാം. പിന്നീട് വീടിനടുത്തു ഭക്ഷണം വിൽക്കുന്ന ട്രക്കിനു മുന്നിൽ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സനയും ചാപ്പിനും അടുത്തുള്ള സിഗ്മ ബാറിൽ പോയിരുന്നു. അവരും വളരെ വൈകിയാണ് തിരിച്ചെത്തിയത്. പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ ആണ് കൊലപാതകങ്ങൾ നടന്നതെന്നു പൊലീസ് കരുതുന്നു. കെട്ടിടത്തിൽ തന്നെ താമസിക്കുന്ന ഡിലൻ മോർസെൻസെൻ, ബഥനി ഫുങ്ക് എന്നീ വിദ്യാർഥികളെ കൊലയാളി വെറുതെ വിട്ടിരുന്നു. അവർ കൊല നടന്ന വിവരം അറിഞ്ഞത് തന്നെ പിറ്റേന്ന് ഉച്ചയോടെയാണ്.