ഐഡഹോ: ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാർഥികളെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായ ബ്രയാൻ കൊബർഗർക്കു കൊല്ലപ്പെട്ട കയ്‌ലി ഗോൺസാൽവാസുമായി പരിചയം ഉണ്ടായിരുന്നുവെന്നു സൂചന. കയ്‌ലിക്കു അയാളുമായി 'എന്തോ ബന്ധം' ഉണ്ടായിരുന്നുവെന്നു തനിക്കിപ്പോൾ 'തോന്നി തുടങ്ങി' എന്നു അവരുടെ പിതാവ് സ്റ്റീവ് ഗോൺസാൽവസ് എ ബി സി ന്യൂസിനോടു പറഞ്ഞു.
താൻ അതേപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തു ആർക്കും തന്നെ കൊബർഗറെ അറിയില്ല. "അങ്ങിനെയൊരു വ്യക്തി ഇപ്പോൾ ചിത്രത്തിൽ വന്നത് കൊണ്ട് അയാളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു തിരിച്ചറിയാൻ ഞങ്ങൾ ശ്രമിക്കയാണ്," ഗോൺസാൽവസ് കുടുംബത്തിന്റെ അഭിഭാഷക ഷാനൻ ഗ്രേ പറഞ്ഞു.
കൊബർഗറെ വീണ്ടും കോടതിയിൽ ഹാജരാക്കുമ്പോൾ താൻ അവിടെ ഉണ്ടാവുമെന്ന് സ്റ്റീവ് ഗോൺസാൽവസ് പറഞ്ഞു. "അവൻ എന്റെ കണ്ണിൽ നിരവധി തവണ നോക്കണം. ഞാൻ സത്യമാണു തേടുന്നത്. അതാണു എനിക്ക് അറിയേണ്ടത്."
നവംബർ 13 നാണു കയ്‌ലിയും (21) കൂടെ താമസിച്ചിരുന്ന മാഡിസൺ മോഗൻ (21), സന കെർനോഡ്ൽ (21), ഇതാൻ ചാപ്പിൻ (20) എന്നിവരും കൊല ചെയ്യപ്പെട്ടത്. ഏഴാഴ്ച കഴിഞ്ഞാണ് കൊബർഗർ അറസ്റ്റ് ചെയ്യപ്പെട്ടത്. ഐഡഹോ യൂണിവേഴ്സിറ്റിയിൽ നിന്ന് 10 മൈൽ മാത്രം അകലെ വാഷിംഗ്‌ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് കൊബർഗർ ക്രിമിനോളജിയിൽ ഡോക്ടറേറ്റ് എടുക്കാൻ പഠിച്ചിരുന്നത്.
ഹൈ സ്കൂളിൽ പെൺകുട്ടികളെ വെറുപ്പിക്കുന്ന ഒരാളായിരുന്നു അയാളെന്നു ചില സഹപാഠികൾ ഓർമ്മിക്കുന്നു. കോളജിൽ എത്തിയപ്പോൾ ലഹരിമരുന്നിൽ നിന്നു രക്ഷ നേടാൻ അയാൾ കഷ്ടപ്പെട്ടു.