ന്യു യോർക്ക്: ന്യു യോർക്ക് പൊലീസ് സേനയിൽ (എൻ വൈ പി ഡി) വെള്ളിയാഴ്ച ജോലിക്കു പ്രവേശിച്ച യുവ ഓഫീസർക്കു ടൈംസ് സ്‌ക്വയർ പുതുവർഷ ആഘോഷങ്ങൾക്കിടയിൽ ശനിയാഴ്ച രാത്രി വടിവാൾ കൊണ്ടു വെട്ടേറ്റു. ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണമെന്നു സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വീടില്ലാതെ തെരുവിൽ കഴിയുന്ന മറ്റൊരാൾക്കു കത്തിക്കുത്തേറ്റു. 41 വയസുള്ള ഇയാൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപെട്ടെന്നു സാക്ഷികൾ പറഞ്ഞു. വെള്ളിയാഴ്ച പരിശീലനം പൂർത്തിയാക്കിയ ഓഫീസർ സ്റ്റേറ്റൻ ഐലൻഡിലേക്കു നിയമിക്കപ്പെട്ടിരുന്നു. എന്നാൽ പുതുവത്സര ആഘോഷത്തിനു സുരക്ഷാ കൂട്ടാൻ ടൈംസ് സ്‌ക്വയറിലേക്കു അദ്ദേഹവും നിയോഗിക്കപ്പെട്ടു.
വെസ്റ്റ് 52 സ്ട്രീറ്റിലും 8 അവന്യുവിലും ഡ്യൂട്ടിക്കു പോയ അദ്ദേഹത്തെയും മറ്റു രണ്ടു ഓഫീസർമാരെയും ശനിയാഴ്ച്ച രാത്രി 9.30നാണു വടിവാളേന്തിയ ഒരാൾ ആക്രമിച്ചത്. ഈ ഭാഗത്തു ആയുധങ്ങൾക്കു വേണ്ടിയുള്ള പരിശോധന ഉണ്ടായിരുന്നില്ലെന്നു കമ്മീഷണർ കീച്ചന്ത് സെവെൽ പറഞ്ഞു.
പോൾ എന്ന് മേയർ എറിക് ആഡംസ് പേരു പറഞ്ഞ പുതിയ ഓഫിസറുടെ തലയിലായിരുന്നു വെട്ട്. കൂടെ ഉണ്ടായിരുന്ന മറ്റൊരു ഓഫീസർ അക്രമിയെ വെടിവച്ചു. പോളിനു തലയോട്ടിയിൽ പരുക്കേറ്റിട്ടുണ്ട്. മറ്റൊരു ഓഫീസറെയും അക്രമി തലയിൽ വെട്ടി.
യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു ആക്രമണമെന്ന് ആഡംസ് പറഞ്ഞു. 19 വയസുള്ള അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലാവസ്ഥ പ്രതികൂലം ആയിരുന്നെങ്കിലും ടൈംസ് സ്‌ക്വയർ നിറഞ്ഞു കവിഞ്ഞു. രണ്ടു വര്ഷം നീണ്ട കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമാണു ഇക്കുറി ആഘോഷം തിരിച്ചു വന്നത്.