ന്യൂയോർക്ക് : ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്ന എലോൺ മസ്‌ക് മൊത്തം ആസ്തിയിൽ നിന്നു 200 ബില്യൺ (20,000 കോടി) ഡോളറിലേറെ നഷ്ടപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയെന്ന റെക്കോഡിനു ഉടമയായി. മസ്കിന്റെ ആസ്തി 2021 നവംബറിൽ $340 ബില്യൺ ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം അത് $137 ബില്യണിലേക്കു കൂപ്പു കുത്തി.
ജെഫ് ബെസോസിനു ശേഷം 200 ബില്യൺ ഡോളറിലധികം നേടിയ രണ്ടാമത്തെയാൾ എന്ന റെക്കോഡ് 2021 ൽ സൃഷ്ടിച്ച മസ്കിന്റെ പതനത്തിനു ഒരു കാരണം ഇലക്ട്രിക്ക് കാർ നിർമിക്കുന്ന ടെസ്ലയുടെ ഓഹരികൾ 65% തകർന്നതാണ്. ടെസ്ലയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ വർഷമായിരുന്നു 2022.
ചൊവാഴ്ച മാത്രം 11% തകർച്ച ഉണ്ടായി. കോവിഡ് വ്യാപനത്തിന്റെ രൂക്ഷത മൂലം ചൈനയിലെ ഷാങ്ഹായിൽ ടെസ്ല പ്ലാന്റ് അടയ്‌ക്കേണ്ടി വന്നതാണ് കാരണം.
ബുധനാഴ്ച ജീവനക്കാർക്ക് അയച്ച കത്തിൽ 2022ലെ അവരുടെ മികച്ച പ്രവർത്തനത്തിനു നന്ദി പറഞ്ഞ മസ്‌ക് പക്ഷെ കമ്പനിക്കു കിട്ടിയ അടിയെപ്പറ്റി പറയുന്നത് ഇത്ര മാത്രം: "ഓഹരി വിപണിയുടെ ഭ്രാന്തിനെ കുറിച്ച് ആവശ്യത്തിലധികം വിഷമിക്കേണ്ട. നമ്മുടെ പ്രവർത്തനം മികച്ചതായി തന്നെ തുടരുമ്പോൾ വിപണി അത് അംഗീകരിക്കും."
ഡിസംബറിലാണ് ധനികരിൽ ഒന്നാമൻ എന്ന മസ്കിന്റെ പട്ടം എൽ വി എം എച് ചെയർമാനും സി ഇ ഒയുമായ ഫ്രഞ്ചുകാരൻ ബെർണാഡ് ആർനോൾട്ട് തട്ടിയെടുത്തത്. 2021 ഒക്ടോബറിൽ $1 ട്രില്യൺ ആയിരുന്നു ടെസ്ലയുടെ മൂല്യം. എന്നാൽ ഈ വർഷം ട്വിറ്റർ വാങ്ങാനുള്ള ശ്രമങ്ങളിൽ മസ്‌കിന്റെ കാലുകൾ ചതുപ്പുനിലത്തിൽ ആൻഡ് പോയപ്പോൾ ടെസ്‌ലയിൽ നിന്നു ശ്രദ്ധ വിട്ടു. അത് എതിരാളികൾ മുതലാക്കി.
ട്വിറ്റർ വാങ്ങാൻ $44 ബില്യൺ എറിഞ്ഞ മസ്കിനു ടെസ്ലയുടെ ഓഹരികൾ വൻ തോതിൽ വിറ്റഴിക്കേണ്ടി വന്നു. ട്വിറ്ററിൽലെ 7,500 ജീവനക്കാരിൽ 75 ശതമാനത്തെയും പറഞ്ഞു വിട്ടു ചെലവ് കുറയ്ക്കാൻ അദ്ദേഹം ശ്രമം നടത്തി. വാടക കൊടുക്കാതെ സിയാറ്റിലിലെ ഓഫീസ് പൂട്ടുകയും ചെയ്തു.