തിപ്പലിക്കു പകരം തിപ്പലി മാത്രം; കൃഷി തുടങ്ങുന്നതിനു മുമ്പ് മാര്‍ക്കറ്റിംഗിനെപ്പറ്റി ധാരണ ഉണ്ടായിരിക്കണം

author-image
athira kk
New Update

തിരുവനന്തപുരം: പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്ല. ചില ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മാണത്തിന് അവശ്യം വേണ്ട തിപ്പലിയുടെ ഡിമാന്‍ഡും ലഭ്യതയും തമ്മില്‍ ഏറെ അന്തരമുള്ളതിനാല്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയാണ് ആഭ്യന്തരാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്.

Advertisment

publive-image

ഉണ്ടത്തിപ്പലി, കുഴിത്തിപ്പലി, ഹസ്തിതിപ്പലി, വന്‍തിപ്പലി, ചെറുതിപ്പലി, കറുത്ത തിപ്പലി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തിപ്പലികളുണ്ട്. തിപ്പലികള്‍ കൃഷിചെയ്തു വിളവ് എടുക്കണമെങ്കില്‍ പരിചരണ ചെലവ് ഭീമമായിരിക്കും. ഉത്പന്നം വിറ്റാല്‍ കിട്ടുന്നതിലധികം ഉത്പാദന ചെലവുണ്ടാകും.

എന്നാല്‍, കുറഞ്ഞ അധ്വാനവും പരിചരണം തീര്‍ത്തും വേണ്ടാത്തതുമായ ഒരിനമാണു ബംഗ്ലാതിപ്പലി. ഇത് ഏതെങ്കിലും താങ്ങുമരത്തിന്റെ ചുവട്ടില്‍ കുഴിച്ചു വച്ചാല്‍ മതി. തനിയെ താങ്ങുമരത്തിലേക്കു പടര്‍ന്നു കയറും. കളകളില്‍ നിന്നു സംരക്ഷണം നല്‍കിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കായ്ക്കും.

തിപ്പലി ഏതൊരു വന്‍ വൃക്ഷത്തിന്റേയും മുകള്‍ വരെ പടര്‍ന്നു കയറും. ഏണി/ഗോവണി ഉപയോഗിച്ചു കായ് പറിക്കാവുന്നതിനേക്കാള്‍ ഉയരത്തില്‍ തിപ്പലി പൊങ്ങി വളരാന്‍ അനുവദിച്ചാല്‍ വിളവെടുപ്പ് ബുദ്ധിമുട്ടാകും.

തോട്ടമായി കൃഷി ചെയ്യാനാഗ്രഹിക്കുന്നവര്‍ താങ്ങുമരം ഏതെന്നു നോക്കാതെ തോട്ടത്തിലുള്ള മുഴുവന്‍ വൃക്ഷങ്ങളിലും കുരുമുളക് പടര്‍ത്തുന്ന രീതിയില്‍ തിപ്പലി പടര്‍ത്താവുന്നതാണ്. കുരുമുളക് തോട്ടത്തില്‍ കുമിള്‍രോഗം മൂലമോ മറ്റു കാരണങ്ങളാലോ കുരുമുളക് ചെടികള്‍ നശിച്ചു പോയാല്‍ ആ താങ്ങുകാലുകളിലും തിപ്പലി കയറ്റി വിടാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തിപ്പലി കൃഷി തുടങ്ങുന്നതിനു മുമ്പ് അതിന്റെ മാര്‍ക്കറ്റിംഗിനെപ്പറ്റി ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇടനിലക്കാരെ ഒഴിവാക്കി യഥാര്‍ഥ ആവശ്യക്കാരെ കണ്ടെത്താന്‍ പറ്റിയില്ലങ്കില്‍ വില്പന ബുദ്ധിമുട്ടാകും.ഫോണ്‍ : 9744801756

Advertisment