റിയോ ഡി ഷാനീറോ: ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ലുല ഡ സില്‍വ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 35 അംഗ മന്ത്രിസഭയെയും അദ്ദേഹം പ്രഖ്യാപിച്ചു. ഇതില്‍ 11 പേര്‍ വനിതകളാണ്.
ഇടതുപക്ഷ ആഭിമുഖ്യമുള്ള വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവാണ് ലുല. മൂന്നാം തവണയാണ് പ്രസിഡന്‍റ് പദത്തിലെത്തുന്നത്. പാവപ്പെട്ടവര്‍ക്കും പരിസ്ഥിതിക്കും വേണ്ടിയാകും തന്‍റെ പോരാട്ടമെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ ലുല ഡ സില്‍വ പ്രഖ്യാപിച്ചു. ആമസോണ്‍ മഴക്കാടുകള്‍ അടക്കമുള്ളവയുടെ സംരക്ഷണം താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡ സില്‍വയുടെ വിജയം അംഗീകരിക്കാത്ത വലതുപക്ഷ നേതാവും നിലവിലുള്ള പ്രസിഡന്‍റുമായിരുന്ന ജയിര്‍ ബൊല്‍സനാരോ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ മാതൃകകള്‍ പിന്തുടരുന്ന കടുത്ത വലതുപക്ഷ നേതാവായ ബൊല്‍സനാരോ 'ട്രംപ് ഓഫ് ദി ട്രോപിക്സ്' എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ലുല 50.8 ശതമാനം വോട്ട് നേടിപ്പോള്‍ ബൊല്‍സനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ദുര്‍ബലമായ സമ്പദ്വ്യവസ്ഥയും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ബൊല്‍സനാരോക്ക് തിരിച്ചടിയായി. ആമസോണ്‍ വനനശീകരണവും ഗോത്ര വിഭാഗങ്ങളോടുള്ള മുഖം തിരിക്കലും അദ്ദേഹത്തിന്റെ ജനപ്രീതി ഇടിച്ചു.
സാവോ പോളോ നഗരത്തിലെ കാര്‍ വാഷ് കമ്പനിയില്‍ നിന്ന് അപ്പാര്‍ട്ട്മെന്റ് കൈക്കൂലിയായി നേടിയെന്ന് ആരോപിച്ച് 2018ല്‍ ലുലയെ ജയിലിലടച്ചിരുന്നു. അദ്ദേഹത്തിന് ഒമ്പതു വര്‍ഷം തടവ് ശിക്ഷ വിധിച്ച ജഡ്ജി സെര്‍ജിയോ മോറോയെ പിന്നീട് ബൊല്‍സനാരോ മന്ത്രിസഭയില്‍ നിയമ മന്ത്രിയാക്കി. അപ്പീല്‍ സാധ്യത അവസാനിച്ചാലേ ഒരാളെ ജയിലിലിടാവൂ എന്ന സുപ്രീംകോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് 580 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ലുല പുറത്തിറങ്ങിയത്.