സോള്‍: തെക്കന്‍ കൊറിയയുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ വടക്കന്‍ കൊറിയ തയാറെടുക്കുന്നു.
പുതിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിക്കാനും ആണവായുധ ശേഖരം വിപുലപ്പെടുത്താനും വടക്കന്‍ കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കി. യുഎസിന്റെ നേതൃത്വത്തിലുള്ള എതിരാളികളില്‍നിന്നുള്ള ഭീഷണി നേരിടാന്‍ ഇതാവശ്യമാണെന്ന് കിം പാര്‍ട്ടി യോഗത്തില്‍ വിശദീകരിച്ചു.
ആണവായുധശേഖരം വിപുലമാക്കുന്നതിനു പുറമേ രാജ്യത്തിന്റെ ആദ്യ സൈനിക ഉപഗ്രഹ വിക്ഷേപണത്തിനും ഉത്തരകൊറിയ തയാറെടുക്കുകയാണ്.
കഴിഞ്ഞയാഴ്ച വടക്കന്‍ കൊറിയ തെക്കന്‍ കൊറിയയിലേക്കു ഡ്രോണുകളും മിസൈലുകളും അയച്ചിരുന്നു. മിസൈല്‍ വിക്ഷേപിച്ചായിരുന്നു വടക്കന്‍ കൊറിയയുടെ ഔദ്യോഗിക പുതുവര്‍ഷ ആഘോഷം പോലും. തലേദിവസം 3 ബാലിസ്ററിക് മിസൈല്‍ പരീക്ഷണവും നടത്തിയിരുന്നു.
ഏതു സാഹചര്യവും നേരിടാന്‍ കരുതിയിരിക്കണമെന്ന് തെക്കന്‍ കൊറിയയുടെ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി.