വാഷിങ്ടണ്‍: കോവിഡ് മഹാമാരി കാലത്ത് കുട്ടികളില്‍ അമിതവണ്ണം കൂടിയതായി പഠനം. മൂന്നിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് അമിതവണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പ്രസ്തുത പ്രായപരിധിയില്‍ വരുന്ന 25,049 കുട്ടികള്‍ വിവിധ ഹെല്‍ത്ത് സെന്ററുകളിലായി നടത്തിയ പരിശോധനാവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഡലാനാ. ജോങ്കോപിങ്, സോംലാന്‍ഡ് എന്നീ പ്രദേശങ്ങളിലെ കുട്ടികളെ ആസ്പദമാക്കി ആന്റണ്‍ ഹോംഗ്രെന്‍ എന്ന ഗവേഷകന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഉപ്‌സലാ യൂണിവേഴ്‌സിറ്റിയില്‍ ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് പേരന്റ്ഹുഡ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ആന്റണ്‍ ഹോംഗ്രെന്‍.
കോവിഡ് കാലത്ത് കുട്ടികളില്‍ ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) വ്യത്യാസപ്പെട്ടതായി പഠനം സൂചിപ്പിക്കുന്നു. മൂന്ന് വയസ് പ്രായമുള്ള കുട്ടികളിൽ നടത്തിയ പഠനമനുസരിച്ച്, പെണ്‍കുട്ടികളിലാണ് അമിതവണ്ണത്തിന്റെ തോത് കൂടിയതായി കണ്ടെത്തിയത്. കോവിഡിന് മുമ്പ് പെണ്‍കുട്ടികളില്‍ ഇത് 2.8 ശതമാനമായിരുന്നെങ്കില്, കോവിഡിനുശേഷം 3.9 ശതമാനമായി ഉയര്‍ന്നു. അതേസമയം, ആണ്‍കുട്ടികളില്‍ 2.4 ശതമാനമായിരുന്നത് 2.6 ശതമാനമായി ഉയരുകയും ചെയ്തു. നാലുവയസ് പ്രായമുള്ള ആണ്‍കുട്ടികളില്‍ 2.4 ശതമാനമായിരുന്നത് 2.6 ശതമാനമായി ഉയരുകയും ചെയ്തു. നാലുവയസ് പ്രായമുള്ള ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അമിതവണ്ണം കൂടിയത് ഒരേ തോതിലാണ്. അഞ്ച് വയസ് പ്രായമുള്ളവരിൽ ബോഡി മാസ് ഇന്‍ഡക്‌സില്‍ പറയത്തക്ക മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല.
കുട്ടികളിലെ ബോഡി മാസ് ഇന്‍ഡക്‌സിലെ വ്യതിയാനവും അവരുടെ സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നവെന്നാണ് പഠനത്തിൽ കണ്ടെത്തിയ മറ്റൊരു കാര്യം. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന കുട്ടികളിലെ അമിതവണ്ണത്തിന്റെ തോത് 2.5 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായി ഉയര്‍ന്നു. സ്വീഡനിൽ ലോക്ക്ഡൗണ്‍ ഉണ്ടായിട്ടില്ലെങ്കിലും മൂന്ന്- നാല് വയസ് പ്രായമുള്ള കുട്ടികളിലെ ശരീരഭാരം കൂടിയിട്ടുണ്ട്.