കോര്‍ക്ക് : പുതുവല്‍സര ദിനത്തില്‍ കോര്‍ക്കില്‍ വിദേശ യുവതിയെ കഴുത്തുഞെരിച്ചു കൊന്നു. കോര്‍ക്ക് സിറ്റി സെന്ററിലെ ലിബര്‍ട്ടി സ്ട്രീറ്റ് ഫ്ളാറ്റിലെ താമസിക്കുന്ന ബ്രസീലുകാരിയായ ബ്രൂണ ഫൊന്‍സെക്ക (28)യാണ് മൃഗീയമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപ്പാര്‍ട്മെന്റില്‍ നിന്നും മൃതദേഹം ഗാര്‍ഡ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി.
കഴുത്തുഞെരിച്ചു കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് 20കാരനെ ഗാര്‍ഡ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അറസ്റ്റിലായത് ബ്രൂണയുടെ പരിചയക്കാരനാണെന്നാണ് സൂചന. ഇയാളെ ബ്രൈഡ്വെല്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം നടക്കുന്നതിനാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗാര്‍ഡ തയ്യാറായിട്ടില്ല.
സമീപവാസികളൊന്നും തന്നെ വിവരം അറിഞ്ഞിരുന്നില്ല. ഗാര്‍ഡയെത്തിയപ്പോഴാണ് അയല്‍ക്കാരില്‍ പലരും വിവരം അറിയുന്നത്.പുതുവര്‍ഷദിനത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇങ്ങനെയൊരു സംഭവമുണ്ടായതിന്റെ നടുക്കത്തിലാണ് പ്രദേശവാസികളാകെ.
ക്രൂരമായ ആക്രമണത്തിനും ചെറുത്തുനില്‍പ്പിനുമൊടുവിലാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.കഴുത്തില്‍ അതി ശക്തമായ ബലപ്രയോഗത്തിന്റെ പാടുകളുണ്ട്.ശരീരത്താകെയും മര്‍ദ്ദനമേറ്റ അടയാളങ്ങളുമുണ്ട്.സംഭവസ്ഥലത്തുതന്നെ മരണം സ്ഥിരീകരിച്ചു.
ഒരു വര്‍ഷത്തോളമായി അയര്‍ലണ്ടില്‍ താമസിക്കുകയായിരുന്നു ബ്രൂണ ഫൊന്‍സെക്ക. കോര്‍ക്കില്‍ ക്ലീനിംഗ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു.ഇപ്പോള്‍ ജോലി ചെയ്യുന്ന മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് വളരെ അടുത്തായിരുന്നു ഇവര്‍ കൊല ചെയ്യപ്പെട്ടത്.
ഫോറന്‍സിക്, സാങ്കേതിക പരിശോധന നടത്തുന്നതിനായി ഫ്ളാറ്റ് സീല്‍ ചെയ്തിരിക്കുകയാണ്.സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഗാര്‍ഡ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു.
സംശയകരമായ എന്തെങ്കിലും സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോയെന്നതു സംബന്ധിച്ച് പരിസരവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അപ്പാര്‍ട്ട്മെന്റിലേയ്ക്ക് ഭക്ഷണമോ മറ്റോ എത്തിച്ചോയെന്നറിയാന്‍ ഫാസ്റ്റ് ഫുഡ് ഡെലിവറി സര്‍വ്വീസുമായും ബന്ധപ്പെട്ടിട്ടുണ്ട്.
ബ്രൂണയുടെ കുടുംബത്തെ സഹായിക്കാന്‍ ഗാര്‍ഡ ഫാമിലി ലെയ്‌സണ്‍ ഓഫീസറെ ഗാര്‍ഡ നിയോഗിച്ചിട്ടുണ്ട്.ചുരുങ്ങിയ കാലമേ ഇവര്‍ മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്തുള്ളു.എന്നിരുന്നാലും അപ്രതീക്ഷിത സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍. സംഭവത്തില്‍ അഗാധമായ ദു:ഖവും ആശുപത്രി വക്താവ് അറിയിച്ചു.
ധാരാളം ഫ്ളാറ്റുകളും അപ്പാര്‍ട്ടുമെന്റുകളും ഉള്ള പ്രദേശമാണിത്.അതിനാല്‍ സംഭവത്തിന് ദൃക്സാക്ഷികളുണ്ടാകുമെന്നാണ് ഗാര്‍ഡ കരുതുന്നത്.വിവിധ പബ്ബുകളും റെസ്റ്റോറന്റുകളും ക്ലബ്ബുകളുമെല്ലാം ഇവിടെ പുതുവത്സരാഘോഷം നടത്തിയിരുന്നു. അതിനാല്‍ പരിസരത്ത് ഒട്ടേറെയാളുകളുണ്ടായിരുന്നു.വിദേശികളും ഒട്ടേറെയുള്ള സ്ഥലമാണിത്.