കെറി : ഡയറക്ട് പ്രൊവിഷന്‍ സെന്ററായി ഉപയോഗിച്ചു വരുന്ന കില്ലര്‍ണി ഹോട്ടലില്‍ നടന്ന കത്തിക്കുത്തില്‍ അഞ്ച് പുരുഷന്മാര്‍ ആശുപത്രിയിലായി. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം.പരിക്കേറ്റവരെയെല്ലാം ട്രെലിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് സൂചന.ഗാര്‍ഡയെത്തി ആംബുലന്‍സുകളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുകാരായ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ കില്ലര്‍ണി ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.അന്വേഷണം നടന്നുവരികയാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും നല്‍കാനാവില്ലെന്ന് ഗാര്‍ഡ പറഞ്ഞു.
മാര്‍ച്ചില്‍ കില്ലാര്‍നിയില്‍ എത്തിയ ഉക്രൈനിയന്‍ സ്ത്രീകളെയും കുട്ടികളെയും ഹോട്ടലില്‍ നിന്ന് മേയോയിലേക്ക് മാറ്റാനുള്ള അധികൃതരുടെ തീരുമാനം ഒക്ടോബറില്‍ വിവാദമായിരുന്നു. ഇവിടേയ്ക്ക് അഭയാര്‍ഥികളായ പുരുഷന്മാരെ കൊണ്ടുവരാനായിരുന്നു നീക്കം.
പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കില്ലര്‍ണിയില്‍ ഉക്രൈനിയന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബദല്‍ താമസസൗകര്യവും ഏര്‍പ്പെടാക്കിയിരുന്നു.ഹോട്ടല്‍ കില്ലര്‍ണിയിലെ 400 താമസക്കാരില്‍ പകുതിയോളവും ഡയറക്ട് പ്രൊവിഷന്‍ അപേക്ഷകരായ സ്ത്രീകളാണ്.