ന്യൂയോർക്ക് : രണ്ടു തവണ ഓസ്കറിനു നാമനിർദേശം ചെയ്യപ്പെട്ട നടൻ ജെറെമി റെന്നർക്കു അപകടത്തിൽ പരുക്കേറ്റു. നെവാഡയിലെ വാഷോ കൗണ്ടിയിലുള്ള വീട്ടിൽ മഞ്ഞു കൂമ്പാരം നീക്കം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് അപകടം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
റെന്നരുടെ (51) പരുക്ക് ഗുരുതരമാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഒൻപതു വയസുള്ള മകൾ ആവ ഉൾപ്പെടെ കുടുംബാംഗങ്ങൾ സമീപത്തുണ്ട്. അദ്ദേഹത്തിനു മികച്ച ശുശ്രൂഷ ലഭിക്കുന്നുണ്ട്.
റെനോയിൽ മൗണ്ട് റോസ് ഹൈവേയിലുള്ള റെന്നറുടെ വീട്ടിൽ നിന്നു ഞായറാഴ്ച രാവിലെ 9 നാണു വിളി വന്നതെന്ന് വാഷോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് പറഞ്ഞു. നടനെ പിന്നീട് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു നീക്കി.
'ഹർട്ട് ലോക്കർ' എന്ന ചിത്രത്തിന് 2010 ൽ മികച്ച നടനുള്ള അവാർഡിനു റെന്നർക്കു നോമിനേഷൻ ലഭിച്ചിരുന്നു. അടുത്ത വർഷം 'ദ ടൗൺ' അദ്ദേഹത്തിനു സഹനടനുള്ള നോമിനേഷനും കൊണ്ടു വന്നു. ദ മേയർ ഓഫ് കിങ്‌സ്ടൗൺ, ഹോക്ക്ഐ, അവേഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ടി വി-സിനിമ പരമ്പരകളിലൂടെ ജനപ്രീതി നേടിയ റെന്നർക്കു മൗണ്ട് റോസ് സ്‌കി ടാഹോയ്‌ക്കു സമീപം വീടുണ്ട്. ഡിസംബർ ഒടുവിൽ അവിടെ കനത്ത ശൈത്യക്കാറ്റുണ്ടായി.
'മേയർ' രണ്ടാം സീസൺ ജനുവരി 15 നു ആരംഭിക്കയാണ്. 'ഹോക്ക്ഐ'യിലെ സൂപ്പർഹീറോ ക്ലിന്റ് ബാർട്ടൺ ആണ് റെന്നരുടെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രം.