ന്യൂയോര്‍ക്ക്: ആഗോള സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്നും 2023ല്‍ മാന്ദ്യത്തിലേക്ക് വീഴുമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്. ശേഷിക്കുന്ന രാജ്യങ്ങളും നേരിട്ട് മാന്ദ്യത്തില്‍ വീണില്ലെങ്കിലും ആഗോള മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഐ.എഫ്.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്ററലീന ജോര്‍ജിയേവ പറയുന്നു.
മാന്ദ്യ ഭീഷണിയിലുള്ള രാജ്യങ്ങളില്‍ ചൈനയാണ് മുന്നില്‍. ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാകുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്കു തന്നെ ദോഷമാണ്. യു.എസിന്റെയും യൂറോപ്പിന്റെയും കാര്യവും വ്യത്യസ്തമല്ല. ലോക സമ്പദ്വ്യവസ്ഥക്ക് വലിയ പരീക്ഷണമാണ് 2023 കാത്തുവെക്കുന്നതെന്നും ജോര്‍ജിയേവ മുന്നറിയിപ്പു നല്‍കുന്നു. ചൈനയും യു.എസും യൂറോപ്പും പ്രതിസന്ധിയിലാകുന്നത് ലോകത്തെയാകെ പ്രതിസന്ധിയിലാക്കും.
ലോകത്തിലെ ഏറ്റവും രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ചൈനയുടെത്. കോവിഡ് കേസുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ 40 വര്‍ഷത്തിനിടെ ആദ്യമായി ഏറ്റവും താഴ്ന്ന വളര്‍ച്ചയിലൂടെയാണ് ചൈന കടന്നുപോകുന്നത്. അടുത്ത മാസങ്ങള്‍ ചൈനക്ക് കൂടുതല്‍ നിര്‍ണായകമാവുമെന്നും ജോര്‍ജിയേവ ചൂണ്ടിക്കാട്ടി.
പരിഹാരമില്ലാതെ തുടരുന്ന യുക്രെയ്ന്‍ യുദ്ധം, നിയന്ത്രണാതീതമായി തുടരുന്ന പണപ്പെരുപ്പം, യു.എസ് ഫെഡറല്‍ റിസര്‍വിലെ അടക്കമുള്ള ഉയര്‍ന്ന പലിശ നിരക്ക് എന്നിവയാണ് മാന്ദ്യത്തിലേക്ക നയിക്കുന്ന പ്രധാന കാരണങ്ങള്‍.