സോള്‍: 2023ല്‍ പുറപ്പെട്ട വിമാനത്തിന് 2022ല്‍ ലക്ഷ്യ സ്ഥാനത്തെത്താനാകുമോ? എങ്കില്‍ അതായിരിക്കുമോ ടൈം ട്രാവല്‍?
പുതുവര്‍ഷപ്പിറവിയില്‍ വന്ന ചില വാര്‍ത്തകള്‍ അങ്ങനെയായിരുന്നു. ഇതില്‍ കുറച്ചൊക്കെ സത്യമുണ്ട്, ബാക്കി അതിശയോക്തിയും.
2023 ജനുവരി ഒന്നിന് പറന്നുയരുന്ന വിമാനമാണ് 2022 ഡിസംബര്‍ 31ന് ലാന്‍ഡ് ചെയ്തത്. സാങ്കേതികമായി അതു സത്യം തന്നെയാണ്. എന്നാല്‍, ഇതിനെ ടൈം ട്രാവലിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നത് മറ്റൊരു സത്യം.
യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 777~300 വിമാനമാണ് വാര്‍ത്തയുടെ കേന്ദ്രബിന്ദു. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളിലെ ഇഞ്ചിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ജനുവരി ഒന്നിന് പുലര്‍ച്ചെ 12.29നാണ് യാത്ര തുടങ്ങിയത്. യു.എസിലെ സാന്‍ഫ്രാന്‍സിസ്കോയിലേക്കായിരുന്നു യാത്ര. വിമാനം കിഴക്കോട്ട് പറന്ന് ശാന്തസമുദ്രത്തിലെ 'ദിനാങ്ക രേഖ' അഥവാ അന്താരാഷ്ട്ര തീയതി രേഖ മുറിച്ചുകടന്നതും തിയതി ഒരു ദിവസം പിന്നോട്ട് പോയി. അങ്ങനെ വിമാനം പറന്ന് 2022 ഡിസംബര്‍ 31ലേക്ക് എത്തി. 2023 ജനുവരി ഒന്നിന് പറന്നുയര്‍ന്ന വിമാനം ഒമ്പത് മണിക്കൂറും 46 മിനിറ്റും പറന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറങ്ങുമ്പോള്‍ അവിടെ സമയം 2022 ഡിസംബര്‍ 31 വൈകീട്ട് 5.01 മാത്രമായിരുന്നു.
അന്താരാഷ്ട്ര ദിനാങ്കരേഖക്ക് കുറുകെ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കുമെല്ലാം ഇത്തരം സമയമാറ്റം പതിവാണ്. എന്നാല്‍, പുതുവര്‍ഷമായതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ തിയതിയിലേക്ക് പറന്നുവെന്നതാണ് ബോയിങ് 777ന്‍റെ കാര്യത്തിലെ കൗതുകം.
ഇത് ടൈം സോണിലെ വ്യത്യാസം മാത്രമാണ്. ടൈം സോണുകള്‍ മനുഷ്യന്‍ സൃഷ്ടിക്കുന്നത്. അല്ലാതെ വിമാനം കാലത്തെ പിന്നോട്ടുരുട്ടിയെന്നൊന്നും പറയുന്നതില്‍ യാതൊരു വസ്തുതയുമില്ല.