ഡബ്ലിന്‍ : അയര്‍ലണ്ട്, കോവിഡ് പാന്‍ഡെമിക് കൈകാര്യം ചെയ്തതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഈ വര്‍ഷം തന്നെ അന്വേഷണ സംവിധാനം നിലവില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ ആയിരിക്കില്ല ഈ അന്വേഷണമെന്ന് വരദ്കര്‍ പറഞ്ഞു.
സത്യമറിയാനാണ് അന്വേഷണം നടക്കുന്നത്.എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിനാകും ശ്രമിക്കുക.നന്നായി ചെയ്തതും മോശമായി പോയതും വിലയിരുത്തും. എങ്ങനെയാണ് മികച്ചതാക്കാന്‍ കഴിയുകയെന്നും പരിശോധിക്കും.കോവിഡ് അവസാനത്തെ പാന്‍ഡെമിക് ആയിരിക്കുമെന്ന് കരുതാനാവില്ല. ഇനിയും ഭീകര മഹാമാരികളെ നേരിടേണ്ടി വന്നേക്കാം. ഇതു മുന്‍ നിര്‍ത്തിയായിരിക്കും അന്വേഷണം നടക്കുകയെന്നും വരദ്കര്‍ വ്യക്തമാക്കി.
കോവിഡ് -19 പാന്‍ഡെമിക് അവസാനിച്ചിട്ടില്ലെന്ന് വരദ്കര്‍ പറഞ്ഞു.രാജ്യത്ത് കോവിഡ് അവസാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ വരദ്കര്‍ മറ്റൊരു ഗുരുതര പകര്‍ച്ചവ്യാധിയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കി.2020 ഫെബ്രുവരി 29നാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത്. പിന്നീട് ഡിസംബര്‍ അവസാനം വരെ 8,293 പേര്‍ മരിച്ചു.