അയര്‍ലണ്ടിലെ ആരോഗ്യ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടത് 5000 ബെഡ്ഡുകള്‍ കൂടിയെന്ന് വിദഗ്ധര്‍

author-image
athira kk
New Update

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആശുപത്രികള്‍ നേരിടുന്ന ട്രോളി പ്രതിസന്ധി ഉള്‍പ്പടെ പരിഹരിക്കണമെങ്കില്‍ 5,000 കിടക്കകള്‍ കൂടി ആവശ്യമാണെന്ന് വിദഗ്ധര്‍. രാജ്യത്തുടനീളമുള്ള അക്യൂട്ട് ആശുപത്രി സംവിധാനം മികച്ച നിലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇത്രയും കിടക്കകള്‍ കൂടി വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.
publive-image

Advertisment

രാജ്യത്താകെ 950 കിടക്കകള്‍ കൂടുതലായി അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് ശരിക്കും ആവശ്യമുള്ളതിന്റെ മൂന്നിലൊന്നും പോലുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡും ഫ്ളൂവും ആര്‍എസ്വിയുമൊക്കെ ഒത്തുകൂടിയെത്തിയതാണ് ആശുപത്രികളെ സ്തംഭിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍പ്പോലും തിരക്ക് കാരണം ബെഡില്ലാത്ത സ്ഥിതിയാണ്. കിടക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നഴ്‌സസ് സ്റ്റേഷനിലെ കസേരകളിലും മേശകളിലും അസസ്‌മെന്റ് ഏരിയയിലെ ട്രോളികളിലുമൊക്കെ രോഗികളാണ്.

എച്ച്എസ് ഇയുടെ കണക്കനുസരിച്ച് ട്രോളികളില്‍ 700 രോഗികളാണുള്ളത്. അതേസമയം,ഐ എന്‍ എം ഒയുടെ കണക്കനുസരിച്ച്, 931 രോഗികളാണ് കിടക്കകള്‍ക്കായി കാത്തിരിക്കുന്നത്. ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍(76) കിടക്ക ലഭിക്കാതെ വലയുന്നത്. 62 രോഗികള്‍ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും 51 പേര്‍ ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും 46 രോഗികള്‍ ലെറ്റര്‍കെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും ബെഡുകള്‍ക്കായി കാത്തിരിക്കുകയാണ്.

.ജിപിമാരുടെ എണ്ണത്തിലെ കുറവും വലിയ പ്രശ്നമാകുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം ഇരട്ടിയായി.അതേ സമയം, ജിപിമാരുടെ എണ്ണം വര്‍ധിച്ചിട്ടില്ല. നഴ്സുമാരുടെ എണ്ണവും വളരെ കുറവാണ്. ഇപ്പോഴത്തെ എണ്ണം ഇരട്ടിയാക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഇക്കാരണത്താല്‍ രോഗികള്‍ക്ക് നല്ല രീതിയില്‍ ചികിത്സ നല്‍കാനാകാത്ത സ്ഥിതിയാണെന്ന് ബ്യൂമോണ്ട് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് പീദര്‍ ഗില്ലിഗന്‍ പറഞ്ഞു.ജിപി പരിശീലനവും വിപുലീകരിക്കേണ്ടതുണ്ടെന്ന് എൈറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ.ഡിയര്‍മുയിഡ് ക്വിന്‍ലന്‍ പറഞ്ഞു.അതേസമയം സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നാണ് എച്ച് എസ് ഇയുടെ മുന്നറിയിപ്പെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി വ്യക്തമാക്കിയിട്ടുണ്ട്.

Advertisment