അയര്‍ലണ്ടില്‍ വീടുകളുടെ വില കുറയുമെന്ന പ്രതീക്ഷ വേണ്ട… അടുത്തവര്‍ഷവും ഭവന വില കൂടും.എന്നാല്‍…

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വീടുകളുടെ വില ഈ വര്‍ഷവും വര്‍ധിക്കാന്‍ തന്നെയാണ് സാധ്യതയെന്ന് വിദഗ്ധര്‍. എന്നാല്‍ വര്‍ധനവിന്റെ വേഗത കുറവായിരിക്കുമെന്ന ആശ്വാസ പ്രവചനവും പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ ഡാഫ്ട് നല്‍കുന്നു.
publive-image

Advertisment

അയര്‍ലണ്ടില്‍ 2022ല്‍ ഭവനവിലയില്‍ 6.1 ശതമാനം വര്‍ധനവാണ് 2022ല്‍ ഉണ്ടായത്.എന്നാല്‍, അവസാനത്തെ മൂന്ന് മാസങ്ങളില്‍ ശരാശരി വിലയില്‍ 0.4 ശതമാനം കുറവുണ്ടായി.ഈ വര്‍ഷവും വില ഉയരുമെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാകും വര്‍ധനവെന്ന് ഡാഫ്ടിന്റെ റോണന്‍ ലിയോണ്‍സ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷാവസാനം രാജ്യത്ത് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിക്ക് നല്‍കിയ ശരാശരി വില 3,10,000 യൂറോയായിരുന്നു.ഇത് മൂന്നാം പാദത്തിലെ ശരാശരിയേക്കാള്‍ അല്‍പ്പം താഴെയാണ്.അതേസമയം സെല്‍റ്റിക് ടൈഗര്‍ പീക്കിനേക്കാള്‍ 16 ശതമാനം കുറവുമാണ്.

കഴിഞ്ഞ മാസം ആദ്യം 15,200 വീടുകളാണ് ഈ വിലയില്‍ വിപണിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ മൂന്നിലൊന്ന് കൂടുതലായിരുന്നു ഇത്.എന്നാല്‍ 2019ലെ ശരാശരിയായ 24,200ന് വളരെ താഴെയുമാണ്.2022ല്‍ 64,000 വീടുകളാണ് വില്‍പ്പനയ്ക്ക് എത്തിയതെന്നും 2018ലേതിന് സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഡബ്ലിനിലും ഗോള്‍വേയിലും വീടുകളുടെ വില ഏഴ് ശതമാനവും വര്‍ധിച്ചു.ഡബ്ലിന്‍ സിറ്റിയിലെ വീടിന്റെ ശരാശരി വില 4,25,560യൂറോയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 5 ശതമാനം വര്‍ധനവാണുണ്ടായത്.ഗോള്‍വേയില്‍ വീടുകളുടെ വിലയില്‍ 8 ശതമാനം വര്‍ധനവാണുണ്ടായത്. 3,50,541യൂറോയായാണ് അതുയര്‍ന്നത്.അയര്‍ലണ്ടിലേക്ക് അതിവേഗം തുടരുന്ന അന്യ രാജ്യങ്ങളില്‍ നിന്നുള്ള ജോലിക്കാരുടെ പ്രവാഹമാണ് ഭവനവിലയെ തകരാതെ പിടിച്ചു നിര്‍ത്തുന്നത്.

വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ ഭവന വില 6.4 ശതമാനവും കോര്‍ക്ക് സിറ്റിയില്‍ 3.3 ശതമാനവും കൂടി. നഗരങ്ങള്‍ക്ക് പുറത്തും വിലകളില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ശരാശരി 7.1 ശതമാനം വര്‍ധനവാണുണ്ടായത്. ലെയിന്‍സ്റ്റര്‍, മണ്‍സ്റ്റര്‍, കൊണാട്ട് -അള്‍സ്റ്റര്‍ എന്നിവിടങ്ങളിലും സമാനമായ വര്‍ധനവുണ്ടായി.

കോര്‍ക്കില്‍ വില 3.3 ശതമാനം ഉയര്‍ന്ന് 3,24,840 യൂറോയിലെത്തി.ലിമെറിക് സിറ്റിയില്‍ ഭവനവില 5.4 ശതമാനം ഉയര്‍ന്നു. വീടുകള്‍ക്ക് ഇവിടെ 2,48,531 യൂറോയാണ് ശരാശരി വില.വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ വീടുകളുടെ ശരാശരി വില 2,25,465 യൂറോയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.4 ശതമാനം വര്‍ധനവാണിത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍, വീടുകളുടെ ശരാശരി വില 2,60,737 യൂറോയാണ്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.1 ശതമാനം വര്‍ധനവാണിത്- വെബ്സൈറ്റ് പറയുന്നു.

Advertisment