ഡബ്ലിന്‍ : അന്താരാഷ്ട്ര വ്യാപാര രംഗത്തെ വലിയ മാറ്റങ്ങള്‍ക്കനുസൃതമായി അയര്‍ലണ്ടും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും വളര്‍ച്ചയുടെ പാതയിലാണ്. ബ്രക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനില്‍ വ്യാപാര വൈവിധ്യവല്‍ക്കരണത്തിനും വഴി തുറന്നു. ഇന്ത്യയുടെ പ്രധാന വ്യാപാര നിക്ഷേപ പങ്കാളിയാണ് അയര്‍ലണ്ട്.
കയറ്റുമതിയിലും ഇറക്കുമതിയിലും ഇന്ത്യ-അയര്‍ലണ്ട് ബന്ധം വളരെ ശക്തമാണ്. 2020ല്‍ അയര്‍ലണ്ടിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 1.6% ആയിരുന്നു. ഇയുവില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 1.2%വും അയര്‍ലണ്ടില്‍ നിന്നായിരുന്നുവെന്നത് ഈ ബന്ധത്തെ അടിവരയിടുന്നതാണ്.
ഇംഗ്ലീഷ് സംസാരിക്കുന്ന യൂറോപ്പിലെ രാജ്യങ്ങളില്‍ ഒന്നായതിനാല്‍ അയര്‍ലണ്ടുമായി വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഏറെ സാധ്യതകളാണുള്ളത്.ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മുന്‍ ദശകത്തെ അപേക്ഷിച്ച് 6.5%മാണ് വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു.ചരക്ക് വ്യാപാരത്തേക്കാള്‍ സേവന വ്യാപാരത്തിനാണ് അയര്‍ലണ്ടിനും ഇന്ത്യയ്ക്കും സാധ്യതയെന്നതാണ് അനുഭവം. ചരക്കുവ്യാപാരത്തിന്റെ നാലിരട്ടിയാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചില കയറ്റുമതി കണക്കുകള്‍
അയര്‍ലണ്ടിലേയ്ക്കുള്ള വിമാനങ്ങളുടെയും മറ്റ് എയര്‍ക്രാഫ്ടുകളുടെയും കയറ്റുമതി മുമ്പുതന്നെ വന്‍ തോതില്‍ ഉയര്‍ന്ന നിലയിലായിരുന്നു. 2014ല്‍ ഇന്ത്യയില്‍ നിന്ന് അയര്‍ലന്‍ഡിലേക്കുള്ള മൊത്തം കയറ്റുമതിയുടെ 40% വും ഇതായിരുന്നു.തുടര്‍ന്ന് ആറ് വര്‍ഷത്തിനിടയില്‍ മൊത്തം വ്യാപാരം 1.26 ബില്യണ്‍ ഡോളറില്‍ നിന്ന് 947 മില്യണ്‍ ഡോളറായി കുറഞ്ഞു.
2020ല്‍ അയര്‍ലണ്ടിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 38%വും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന അസംസ്‌കൃത വസ്തുക്കളായ ഓര്‍ഗാനിക് രാസവസ്തുക്കളായിരുന്നു.ഇന്ത്യയുടെ ഇറക്കുമതിയുടെ 33%വും അയര്‍ലണ്ടില്‍ നിന്നുള്ള മെഷിനറികളും മെക്കാനിക്കല്‍ വീട്ടുപകരണങ്ങളുമായിരുന്നു.ഇന്ത്യയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് കയറ്റുമതി ചെയ്യുന്ന 30 ഉല്‍പ്പന്നങ്ങളില്‍ എഴുപത് ശതമാനവും
ഉയര്‍ന്ന വൈദഗ്ധ്യവും സാങ്കേതിക വിദ്യയും ആവശ്യമുള്ള ഇനങ്ങളാണെന്നും ഡാറ്റകള്‍ പറയുന്നു.
നിലവില്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന 21 ഇനങ്ങളില്‍ 11 എണ്ണവും അയര്‍ലണ്ടിലേക്കു പോകുന്നുണ്ട്.ഇതില്‍ 27.3%വും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളാണ്.കൂടാതെ ഓര്‍ഗാനിക് കെമിക്കല്‍സ്, ന്യൂക്ലിയര്‍ റിയാക്ടറുകള്‍, യന്ത്രങ്ങള്‍ എന്നിവയുമുണ്ട്.
ഇയു മാനദണ്ഡങ്ങള്‍ ഉയര്‍ത്തുന്ന തടസ്സങ്ങള്‍
ഉല്‍പ്പന്ന ഗുണനിലവാരവും മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട താരിഫ് ഇതര തടസ്സങ്ങളാണ് വികസിത വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വികസ്വര രാജ്യങ്ങള്‍ക്ക് തടസ്സമാകുന്നത്..അയര്‍ലണ്ടിലേക്ക് കയറ്റുമതി സാധ്യതയുള്ള ഇന്ത്യയിലെ മികച്ച 50 ഉല്‍പ്പന്നങ്ങളില്‍ മിക്കവയും വൈദഗ്ധ്യവും സാങ്കേതിക വിദ്യയും വളരെ ആവശ്യമുള്ളവയാണ്.
ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെയും അയര്‍ലണ്ടിന്റെയും വിപണിയുടെ ആരോഗ്യ- പരിസ്ഥിതി- സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെന്നത് വലിയ പ്രശ്‌നമാണ്.ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഏറെ കയറ്റുമതി സാധ്യതയുണ്ട്. എന്നിരുന്നാലും, പുതിയ മരുന്നുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതിന് ദീര്‍ഘമായ കാലതാമസം നേരിടുന്നതും തടസ്സമാകുന്നുണ്ട്.