അയര്‍ലണ്ടിലെ ഇരുപതിലൊന്ന് നഴ്സുമാരും സിക്ക് ലീവില്‍

author-image
athira kk
New Update

ഡബ്ലിന്‍ : കോവിഡും ഫ്ളൂവുമെല്ലാമായി അയര്‍ലണ്ടിന്റെ ആരോഗ്യരംഗം അഭൂതപൂര്‍വ്വമായ പ്രതിസന്ധിയില്‍ തുടരുന്നു. കിടക്കകളില്ലാതെ ട്രോളികളില്‍ കാത്തിരിക്കുന്ന നൂറുകണക്കിന് രോഗികള്‍. എമര്‍ജെന്‍സി വിഭാഗത്തില്‍പ്പോലും മതിയായ പരിചരണം ലഭിക്കാത്തവര്‍… ഇവര്‍ക്കുമുന്നില്‍ നിസ്സഹായരായിട്ടും അക്ഷീണം വിശ്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍…ഇരുപതിലൊന്ന് വീതം നഴ്സുമാര്‍ സിക്ക് ലീവിലാണ് . അയര്‍ലണ്ടിലെ ഒരാശുപത്രിയിലല്ല എല്ലാ ആശുപത്രികളുടെയും സ്ഥിതിയാണിത്.
publive-image

Advertisment

കോവിഡും ഫ്ളൂവും ശ്വാസകോശരോഗങ്ങളുമെല്ലാം ഒരേ പോലെ പെരുകിയതാണ് ആരോഗ്യ രംഗത്തെയാകെ പ്രതിസന്ധിയിലാഴ്ത്തിയത്. ഓരോ ദിവസവും രോഗികള്‍ ഏറുന്നതിനാല്‍ ഈ നില കൂടുതല്‍ മോശമാവുകയാണ്.

കോവിഡ്, ഇന്‍ഫ്ളുവന്‍സ കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുകയാണ്. ഏതാനും ആഴ്ചകളായി കുറഞ്ഞുനിന്ന ആര്‍എസ്വിയും പെരുകുകയാണ്. ഏകദേശം 1,500 ആര്‍ എസ് വി കേസുകള്‍ ഇപ്പോള്‍ ആശുപത്രികളിലുണ്ട്. 686പേര്‍ കോവിഡ് ബാധിതരായുമുണ്ട്.എമര്‍ജെന്‍സി വിഭാഗത്തില്‍ വന്‍ തിരക്കാണുള്ളത്.ജീവനക്കാരുടെ കുറവും രൂക്ഷമാണ്.

അതിനിടെ ആശുപത്രികളുടെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് എത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി എച്ച് എസ് ഇ രംഗത്തെത്തി.എല്ലാ ഓപ്ഷനുകളും നോക്കിയതിന് ശേഷമേ ഇ ഡിയിലെത്താവൂയെന്നാണ് എച്ച.എസ് ഇ ജനങ്ങളോട് അഭ്യര്‍ഥിച്ചത്.വിവിധ വിന്റര്‍ രോഗങ്ങളുടെ അസാധാരണമായ വര്‍ധനവു മൂലം രാജ്യത്തെ ആശുപത്രികളെല്ലാം തന്നെ വന്‍ സമ്മര്‍ദ്ദത്തിലാണ്. ഈ സാഹചര്യത്തിലാണ് ആളുകളോട് അവസാന അത്താണിയായി മാത്രം ഇ ഡിയെ കാണണമെന്ന് നിര്‍ദ്ദേശിക്കുന്നതെന്നും എച്ച എസ് ഇ വ്യക്തമാക്കി.ശ്വാസകോശവും മറ്റുമായി ബന്ധപ്പെട്ട അടിയന്തിര ആരോഗ്യപ്രശ്നങ്ങളുള്ള രോഗികള്‍ മാത്രമേ ഇ ഡിയിലേയ്ക്കെത്താവൂ- എച്ച എസ് ഇ അറിയിച്ചു.

അതേ സമയം, ആശുപത്രികളെ ഒഴിവാക്കാന്‍ ജനങ്ങളോട് പറയുന്നതിന് ന്യായീകരണമില്ലെന്ന് ഐ എന്‍ എം ഒ പ്രതികരിച്ചു.അടുത്ത ആറാഴ്ചയ്ക്കുള്ളില്‍ എങ്ങനെയാണ് ആരോഗ്യ സേവനം ലഭ്യമാക്കുകയെന്ന് ജനങ്ങളെ കൃത്യമായി അറിയിക്കുകയാണ് വേണ്ടത്.ഫെബ്രുവരി അവസാനം വരെയുള്ള വിന്റര്‍ ചികില്‍സാ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കണമെന്നും ജനറല്‍ സെക്രട്ടറി ഫില്‍ നീ ഷീഗ്ധ ആവശ്യപ്പെട്ടു.

തിരക്കേറിയ ആശുപത്രികളിലും മറ്റ് ഹെല്‍ത്ത് ക്രമീകരണങ്ങളിലും മാസ്‌ക് നിര്‍ബന്ധിതമാക്കണമെന്ന ആവശ്യവും ഐ എന്‍ എം ഒ ഉന്നയിച്ചു. ഇതു സംബന്ധിച്ച് എത്രയും വേഗം കര്‍ശനമായ തീരുമാനങ്ങളെടുക്കണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഒന്നര ദശാബ്ദത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തിരക്കാണ് ആശുപത്രി ട്രോളികളില്‍ കാണുന്നതെന്ന് ഐ എന്‍ എം ഒ ചൂണ്ടിക്കാട്ടി.അതിനാല്‍ മാസ്‌ക് നിര്‍ബന്ധിതമാക്കുന്നതടക്കമുള്ള കര്‍ക്കശ നടപടികളുണ്ടാകണം.അല്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും – ജനറല്‍ സെക്രട്ടറി പറഞ്ഞു.

Advertisment