ന്യൂയോർക്ക് : യൂണിവേഴ്സിറ്റി ഓഫ് ഐഡഹോയിലെ നാലു വിദ്യാർഥികളെ കൊലപ്പെടുത്തിയതു വെറും 13 മിനിട്ടിനുള്ളിൽ. പ്രതി ബ്രയാൻ കൊബെർഗർക്കെതിരെ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഐഡഹോയിലെ മോസ്കോ പൊലീസ് ഇതു പറയുന്നത്.
കയ്‌ലി ഗോൺസാൽവസ്, മാഡിസൺ മോഗൻ, സന കെർനോഡ്ൽ, ഇതാൻ ചാപ്പിൻ എന്നിവർ കൊല്ലപ്പെട്ടത് നവംബർ 13 പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് എന്നായിരുന്നു പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. പിന്നീട് നാലിനും 4.25 നും ഇടയിൽ എന്നായി. ഇപ്പോൾ ലഭിച്ച വിവരം 4.12 നു സന ടിക് ടോക്കിൽ ഉണ്ടായിരുന്നു എന്നാണ്. അപ്പോൾ 4.12 നും 4.25നും ഇടയിലാണ് കൊലകൾ നടന്നതെന്ന നിഗമനം ഉണ്ടാവുന്നു.
മരിച്ച നാലു പേരും കൊലയാളിയിൽ നിന്ന് രക്ഷപെട്ട ബഥനി ഫങ്ക്, ഡൈലൻ മോർട്ടൻസെൻ എന്നിവരും രണ്ടു മണിയോടെ അവർ താമസിക്കുന്ന വാടകക്കെട്ടിടത്തിൽ എത്തിയിരുന്നു. നാലു മണിയോടെ സന ഒഴികെ എല്ലാവരും ഉറങ്ങി. സനയ്ക് അത് കഴിഞ്ഞു ഒരു ഭക്ഷണപ്പൊതി ഡോർഡാഷിൽ നിന്നു വന്നു. കൊണ്ടു വന്നയാൾ അക്കാര്യം പൊലീസിൽ പറഞ്ഞിട്ടുണ്ട്.
ഏതാണ്ട് ആ സമയത്താണ് കെട്ടിടത്തിൽ കറുത്ത വസ്ത്രം ധരിച്ചു വായ് മൂടിക്കെട്ടിയ ഒരാളെ മോർട്ടൻസെൻ കണ്ടത്. ആരോ അകത്തു കടന്നിട്ടുണ്ട് എന്നു കയ്‌ലി വിളിച്ചു പറയുന്നത് കേട്ടുവെന്നും മോർട്ടൻസെൻ പറയുന്നു. നാല് മാണിക്കും പിന്നീട് 4.12നും മോർട്ടൻസെൻ വാതിൽ തുറന്നു നോക്കി. രണ്ടാം തവണ 'ഞാൻ നിന്നെ സഹായിക്കാം' എന്നോ മറ്റോ ഒരാൾ മെല്ലെ പറയുന്നത് കേട്ട്. പുരുഷ ശബ്ദം ആയിരുന്നു.
കെട്ടിടത്തിൽ വളർത്തിയിരുന്ന നായ് 4.17നു കുരച്ചതു ഓഡിയോയിലുണ്ട്. 4.17നും 4.20 നും ഇടയിൽ മൂന്നാം തവണ വാതിൽ തുറന്നു നോക്കിയ മോർട്ടൻസെൻ കറുത്ത വസ്ത്രം ധരിച്ചയാളെ നേരിൽ കണ്ടു.
4.20നും 4.25നുമിടയിൽ കൊലയാളിയുടേതെന്നു കരുതുന്ന വെളുത്ത ഹ്യുണ്ടായി എലാൻട്ര കാർ പരിസരത്തു നിന്നു പുറപ്പെട്ടു പോകുന്നത് കാമറ ദൃശ്യങ്ങളിലുണ്ട്. പിന്നീട് കൊബെർഗർ താമസിച്ചിരുന്ന വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ക്യാമ്പസിലും ഈ കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞു.
പ്രതിക്ക് വധശിക്ഷ വരെ ലഭിക്കാമെന്നു നിയമവിദഗ്ധർ പറയുന്നു.