ഡൽഹി : ന്യു യോർക്ക്-ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിൽ വെള്ളിയാഴ്ച രാത്രി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ശങ്കർ മിശ്രയെ ശനിയാഴ്ച ഡൽഹിയിലെ പട്യാല ഹൗസ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
നവംബർ 26നുണ്ടായ സംഭവം വിവാദമായതോടെ മുംബൈയിലെ വീട്ടിൽ നിന്നു മുങ്ങിയ മിശ്രയെ ബംഗളൂരുവിൽ നിന്നാണ് വെള്ളിയാഴ്ച രാത്രി പിടിച്ചത്.
മിശ്ര അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി മൂന്നു ദിവസത്തെ കസ്റ്റഡി തേടിയ പൊലിസിനു 14 ദിവസം അനുവദിച്ച മജിസ്‌ട്രേറ്റ് അനാമിക, അതു രേഖപ്പെടുത്തുകയും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു എന്ന് ചൂണ്ടിക്കാണിക്കയും ചെയ്തു. "മിശ്രയുടെ മൊബൈൽ ഫോൺ വഴിയാണ് അദ്ദേഹം ബംഗളൂരുവിൽ ഉണ്ടെന്നു പൊലീസ് കണ്ടെത്തിയത്. അദ്ദേഹം ഓഫീസിൽ ഉണ്ടായിരുന്നില്ല. അതെല്ലാം കാണിക്കുന്നത് അദ്ദേഹം കരുതിക്കൂട്ടി നിസഹകരിക്കുന്നു എന്നാണ്," കോടതി പറഞ്ഞു.
മിശ്രയുടെ അഭിഭാഷകൻ മറ്റൊരു ജാമ്യാപേക്ഷ സമർപ്പിച്ചു. അത് 11 നു കേൾക്കും. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി സഫ്ദർജംഗ് ആശപത്രിയിൽ കൊണ്ടുപോയി.
സസ്‌പെൻഡ് ചെയ്തു
എയർ ഇന്ത്യ ജീവനക്കാരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. ഫ്ലൈറ്റിൽ ഉണ്ടായിരുന്ന പൈലറ്റിനെയും നാലു ക്യാബിൻ ക്രൂവിനെയും എയർ ഇന്ത്യ സസ്‍പെൻഡ് ചെയ്തു.
ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ടെന്ന് എയർ ഇന്ത്യ പറഞ്ഞു.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്ബെൽ വിൽസൺ ഈ വിഷയം കുറേക്കൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നു എന്ന് സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ ഉയർന്ന അധികാരികളെ അറിയിക്കണമെന്നു ജീവനക്കാർക്ക് നിർദേശം നൽകി.