കലിഫോണിയ: കലിഫോണിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി യുഎസ് ഹൗസ് സ്‌പീക്കറായി. രാജ്യത്തെ മൂന്നാമത്തെ ഭരണഘടനാ പദവിയിൽ എത്താൻ മക്കാർത്തി 15 റൗണ്ട് വോട്ടിലൂടെ കടന്നു പോകേണ്ടി വന്നു. പാർട്ടിക്കു നേരിയ ഭൂരിപക്ഷത്തോടെ (222--212) ഇടക്കാല തെരഞ്ഞടുപ്പിൽ വീണ്ടെടുക്കാൻ കഴിഞ്ഞ അധോസഭയിൽ 14 വട്ടം തോറ്റ ശേഷമാണു 2019ൽ റിപ്പബ്ലിക്കൻ നേതാവായ അദ്ദേഹത്തിന് ഒടുവിൽ വിജയം സാധ്യമായത്.
164 വർഷത്തിനിടെ ഏറ്റവും നീണ്ടു പോയ വോട്ടെടുപ്പിൽ വെള്ളിയാഴ്ച രാത്രിയാണ് മക്കാർത്തി തീവ്ര വലതു പക്ഷത്തിന്റെ എതിർപ്പിനെ അതിജീവിച്ചത്. 1860 ൽ അമേരിക്കൻ ആഭ്യന്തര യുദ്ധം കഴിഞ്ഞു നടന്ന വോട്ടെടുപ്പിൽ മാത്രമേ ഇതിനു മുൻപ് ഇങ്ങിനെയൊരു മത്സരം ഉണ്ടായിട്ടുളളൂ -- അന്നു പക്ഷെ 44 തവണ വോട്ടെടുത്തു.
സ്‌പീക്കറെ തിരഞ്ഞെടുക്കാതെ കോൺഗ്രസിനു പ്രവർത്തിക്കാൻ കഴിയില്ല എന്നിരിക്കെ വോട്ടിംഗിൽ തീരുമാനം ഉണ്ടാവാത്തതു രാജ്യത്തിനു നാണക്കേടാണെന്നു പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പറഞ്ഞിരുന്നു. മക്കാർത്തി ജയിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം അഭിനന്ദനം അറിയിച്ചു.
ഡെമോക്രാറ്റിക് പാർട്ടിയിലെ 212 അംഗങ്ങളും അവരുടെ നേതാവ് ഹകീം ജെഫ്രിസിനു വോട്ട് ചെയ്തു. അദ്ദേഹം ഹൗസിലെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ ന്യൂനപക്ഷ നേതാവായി.
വലതു പക്ഷ വോട്ടുകൾ നേടാൻ വേണ്ടി മക്കാർത്തി 'ഫ്രീഡം കോക്കസ്' എന്നറിയപ്പെടുന്ന അവരുടെ നിരവധി ആവശ്യങ്ങൾക്കു വഴങ്ങി. സ്‌പീക്കറെ നീക്കം ചെയ്യാൻ ഇനി ഒരൊറ്റ അംഗത്തിന്റെ വോട്ടു മതിയാവും. രാജ്യത്തിൻറെ കടബാധ്യത കുറയ്ക്കാൻ ചെലവ് കുറയ്ക്കണം എന്ന ആവശ്യത്തിനും അദ്ദേഹം വഴങ്ങി.
രാജ്യത്തിനു വിനാശമാവുന്ന സർക്കാർ അടച്ചു പൂട്ടലിനു വഴിവയ്ക്കുന്ന വ്യവസ്ഥകളാണ് അതൊക്കെ എന്ന് സെനറ്റിലെ ഭൂരിപക്ഷ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമർ പറഞ്ഞു. "മക്കാർത്തിയുടെ സ്വപ്ന പദവി രാജ്യത്തിനു കൊണ്ടുവരുന്നത് പേക്കിനാവാണ്," അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് അവസാന വട്ട വോട്ടെടുപ്പു നടന്നത്. അന്നു പകൽ 13, 14 റൗണ്ടുകളിൽ മക്കാർത്തി തോറ്റിരുന്നു. ഒരൊറ്റ വോട്ടിനു 14 ആം റൌണ്ട് തോറ്റ ശേഷം നടന്ന 15 ൽ 216 വോട്ട് കിട്ടി. ജെഫ്രിസിന്റെ 212 നെക്കാൾ കൂടുതൽ വോട്ട് ആദ്യമായി.
റിപ്പബ്ലിക്കൻ അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കണ്ട അവസാന റൗണ്ടുകളിൽ മക്കാർത്തിയെ കാത്തിരിക്കുന്നത് എന്താണെന്നു വ്യക്തമായി. അതിർത്തിയിലെ കുടിയേറ്റ പ്രശ്നമാവും സഭയിലെ ആദ്യ ചർച്ചാ വിഷയമെന്നു അദ്ദേഹം പറഞ്ഞു. തന്നെ കീഴടക്കിയ വലതു പക്ഷത്തിന്റെ ആവശ്യങ്ങളാവും അദ്ദേഹം ആദ്യം ഏറ്റെടുക്കുക.
പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും അഭിന്ദനം അറിയിച്ചതായി വൈറ്റ് ഹൗസ് പറഞ്ഞു. പുതിയ സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിയുമായി സഹകരിക്കാമെന്നു ബൈഡൻ പറഞ്ഞു. സെനറ്റ് ഡെമോക്രാറ്റുകളുടെ കൈയിലാണ്.
സ്പീക്കറായി മക്കാർത്തിയെ സഭയ്ക്കു പരിചയപ്പെടുത്തിയത് ജെഫ്രിസ് ആണ്.