വിർജിനിയ: വിർജിനിയയിൽ ആറു വയസുള്ള സ്കൂൾ കുട്ടിയുടെ വെടിയേറ്റ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ 30കാരിയുടെ ജീവൻ അപകടത്തിലാണെന്നു പൊലീസ് അറിയിച്ചു. കൈത്തോക്ക് കൈവശം വച്ചിരുന്ന കുട്ടിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തോക്കു എങ്ങിനെയാണ് കുട്ടിക്കു ലഭിച്ചതെന്ന് അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് മേധാവി സ്റ്റീവ് ഡ്രൂ പറഞ്ഞു.
ന്യൂപോർട് ന്യുസിൽ റിച്നെക്ക് എലമെന്ററി സ്കൂളിലാണ് വെള്ളിയാഴ്ച ഉച്ചയക്ക് രണ്ടു മണിയോടെ ഒരു തർക്കത്തെ തുടർന്നു സ്കൂൾ കുട്ടി തോക്കെടുത്തു വെടിവച്ചത്. മറ്റു കുട്ടികൾക്കോ അധ്യാപകർക്കോ പരുക്കില്ലെന്നു പൊലീസ് അറിയിച്ചു.
സ്കൂൾ തത്കാലത്തേക്ക് അടച്ചിട്ടു.
"ഇതൊരു യാദൃശ്ചിക സംഭവമല്ല," സ്റ്റീവ് ഡ്രൂ പറഞ്ഞു. "ഒരു ക്ലാസ് മുറിയിൽ മാത്രമാണ് അക്രമം ഉണ്ടായത്. പക്ഷെ തോക്ക് എങ്ങിനെയാണു കുട്ടിക്കു ലഭിച്ചതെന്നു കണ്ടെത്തേണ്ടതുണ്ട്."
സംഭവം തന്റെ ഹൃദയത്തെ നോവിച്ചുവെന്നു മേയർ ഫിലിപ്പ് ജോൺസ് പറഞ്ഞു. "ഇത് നഗരത്തിനു കറുത്ത ദിനമാണ്."
സ്കൂളിൽ എല്ലായിടത്തും മെറ്റൽ ഡിറ്റക്ടർ ഉപയോഗിക്കാറില്ലെന്നു അധികൃതർ പറഞ്ഞു.