ഡബ്ലിന്‍: ആശുപത്രികളിലെ ട്രോളി തിരക്കുകളടക്കമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ആരോഗ്യ മന്ത്രിയ്ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം.ദീര്‍ഘവീക്ഷണത്തോടെ നേരത്തേയും കാലത്തേയും എന്തെങ്കിലുമൊക്കെ ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്നതായിരുന്നുവെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രശ്നം പരിഹാരം തേടി നഴ്സുമാര്‍ പണിമുടക്കു കൂടി നടത്തിയാല്‍ രാജ്യത്തിന് ചിന്തിക്കാന്‍ കഴിയാത്തത്ര പ്രശ്നങ്ങളാകും ഉണ്ടാവുക. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ സര്‍ക്കാരിന് ആകാതെയും വരും.
11000 നഴ്സുമാര്‍ കളത്തിന് പുറത്ത്
ആരോഗ്യമേഖലയിലാകെ 11,000 ഓളം ജീവനക്കാരാണ് വിവിധങ്ങളായ കാരണങ്ങളാല്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.ഇക്കാര്യം എച്ച് എസ് ഇയും സ്ഥിരീകരിച്ചിരുന്നു. ഇ ഡി വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണം റെക്കോഡിനും മുകളിലാണ്. നഴ്സുമാരില്‍ രണ്ട് ശതമാനം പേര്‍ കോവിഡ് ബാധിച്ചും 2 ശതമാനം പേര്‍ ഫ്ളു ബാധിച്ചും 4.5നും ഇടയില്‍ മറ്റ് കാരണങ്ങളാലുമാണ് സര്‍വ്വീസിന് പുറത്തായത് .
പണിയെടുത്തു മരിക്കുന്നവര്‍
ആശുപത്രിയിലെ തിരക്കൊഴിവാക്കാന്‍ സത്വര നടപടികളുണ്ടാകണമെന്നാണ് ഐ എന്‍ എം ഒ ആവശ്യപ്പെടുന്നത്.ഈയാഴ്ച മാത്രം 931 രോഗികളാണ് ട്രോളികളില്‍ ചികില്‍സ കാത്തു കഴിയുന്നത്.സ്റ്റാഫുകളുടെ കുറവു മൂലം നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പണിയെടുത്ത് ‘മരിക്കുക’യാണ്.സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്നാണ് ഐ എന്‍ എംഒയുടെ നിലപാട്.
പ്രവചനാതീതമായ കാരണങ്ങളെന്ന് മന്ത്രി
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ പ്രവചനാതീതമാണെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു.എപ്പോഴും തിരക്കുണ്ടാകാറുണ്ടെങ്കിലും നിലവിലേത് പോലെയായിരുന്നില്ല.കോവിഡും ഫ്ളൂവും ആര്‍ എസ് വിയും ഒന്നിച്ച് ആക്രമിക്കുന്ന ഈ സ്ഥിതി മുന്‍കൂട്ടി കണ്ടതേയില്ല. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധമൂലം ഡ്യൂട്ടിയിലില്ല.സുരക്ഷിതമായ സ്റ്റാഫ് പാറ്റേണ്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.മറ്റ് ഇ യു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ നേരത്തേ തന്നെ ഫ്ളൂ തരംഗമുണ്ടായെന്നും മന്ത്രി പറഞ്ഞു.
മുന്‍കൂട്ടി പറഞ്ഞതെന്ന് ഐ എന്‍ എം ഒ
ഈ വാദത്തെ ഐ എന്‍ എം ഒ തള്ളി.ഗൗരവത്തോടെ കണ്ട് അര്‍ഥവത്തായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് സംഘടന നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായ സ്റ്റാഫിംഗ് ഉണ്ടാകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം സമരമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്് നല്‍കിയിട്ടുള്ളത്.പകര്‍ച്ചവ്യാധികള്‍ കാരണം രോഗികള്‍ക്ക് സുരക്ഷിത പരിചരണം അസാധ്യമാവുകയാണെന്ന് പ്രസിഡന്റ് കാരെന്‍ മക്‌ഗോവന്‍ പറഞ്ഞു.