വത്തിക്കാൻ സിറ്റി : യേശുവിന്റെ പ്രത്യക്ഷീകരണത്തിരുനാൾ ലോകം മുഴുവൻ ആഘോഷിച്ച വെള്ളിയാഴ്ച വത്തിക്കാനിലെ പത്രോസിന്റെ ദേവാലയത്തിൽ ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. അയ്യായിരത്തോളം വിശ്വാസികൾ ദിവ്യബലിയിൽ പങ്കെടുത്തു. മാർപാപ്പയുടെ അനാരോഗ്യം കാരണം പ്രൊപ്പഗാന്ത ഫിദെയുടെ തലവൻ കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെയാണ് ദിവ്യബലിയർപ്പിച്ചത്.
ഫ്രാൻസിസ് മാർപ്പാപ്പ നൽകിയ സന്ദേശത്തിൽ, പൂജരാജാക്കന്മാരെ പോലെ നമ്മളും ജീവിതത്തിൽ 'ജനിച്ചവൻ എവിടെ?' എന്ന ചോദ്യം ആവർത്തിക്കണമെന്ന് ഓർമ്മിപ്പിച്ചു. തുടർന്ന് എപ്രകാരം വ്യത്യസ്ത തലങ്ങളിൽ ജനിച്ചവനെ കണ്ടുമുട്ടാൻ നമുക്കു സാധിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു.
പൂജരാജാക്കന്മാരുടെ ജീവിതത്തിൽ ചോദ്യങ്ങളുണർത്തിയ അസ്വസ്ഥതകൾ വളരെ വലുതാണ്. എന്നാൽ ഈ ചോദ്യങ്ങളിലാണ് രക്ഷകനിലേക്കുള്ള അവരുടെ യാത്ര ആരംഭിക്കുന്നത്. ചോദ്യങ്ങൾ ഉണ്ടാക്കിയ ഇടത്തേക്ക് ദൈവത്തിന്റെ ദാനമായ വിശ്വാസം നിറയ്ക്കുമ്പോഴാണ് യഥാർത്ഥത്തിൽ പൂജരാജാക്കന്മാർക്ക് ക്രിസ്തുവിന്റെ അടുത്തേക്കുള്ള ദിശാബോധം കൈവരുന്നത്.
അനുദിനജീവിതത്തിലെ സമസ്യകളുടെ മുൻപിൽ നാം പതറിപ്പോകരുത് മറിച്ച് വിശ്വാസത്തിൽ മുൻപോട്ടു പോകണം. വേദനയുടെയും,ആകുലതകളുടെയും നടുവിൽ എനിക്കായി ജനിച്ച ക്രിസ്തുവിനെ ഞാൻ അന്വേഷിക്കണം. വിശ്വാസത്തോടെ ജീവിക്കണം.
പ്രതിസന്ധികൾ
രണ്ടാമതായി യേശുവിനെ കണ്ടെത്തുന്ന ഇടമാണ് പ്രതിസന്ധികൾ തടസം സൃഷ്ടിക്കുന്ന ജീവിത വഴികൾ. ചില ചോദ്യങ്ങൾ നമ്മിൽ താഴ്ത്തിക്കളയുന്ന താല്പര്യങ്ങൾക്കു നടുവിലും നാം ജീവിതയാത്ര മുൻപോട്ടു നയിക്കണം. ക്രിസ്തുവിനെ കാണുവാനുള്ള ആത്മീയയാത്രയിൽ നാം ഒരിക്കലും മടികാണിക്കാൻ പാടില്ല. നക്ഷത്രം കണ്ടിട്ട് അതിന്റെ മനോഹാരിത ആസ്വദിച്ചു നിന്നവരല്ല പൂജരാജാക്കന്മാർ, മറിച്ച് ആ നക്ഷത്രം കാട്ടിയ വഴിയിലൂടെ യാത്ര ചെയ്തവരാണ്. അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന ഒരേ ഒരു ചിന്ത ക്രിസ്തുവിനെ കാണുക അവനെ ആരാധിക്കുക എന്നതു മാത്രമായിരുന്നു. ഇതാണ് വിശാസജീവിതമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞുവയ്ക്കുന്നു.
വിശ്വാസം ഒരു തീർത്ഥാടനമാണ്. ഒരു പ്രത്യേക സാഹചര്യത്തിലേക്കോ സ്ഥലത്തേക്കോ മാത്രം ഒതുക്കി നിർത്താവുന്നതുമല്ല. എന്റെ ജീവിതത്തിൽ യേശു ആരെന്ന് ചോദിച്ചുകൊണ്ട് മറ്റുള്ളവരോട് ചേർന്ന് മുൻപോട്ട് നയിക്കാനുള്ളതാണ് വിശ്വാസ ജീവിതം.
ചോദ്യങ്ങളുടെ ആധിക്യവും, പ്രതിസന്ധികൾ നിറഞ്ഞ ജീവിതയാത്രയും അവസാനം പൂജരാജാക്കന്മാരെ എത്തിക്കുന്നത് മഹനീയവും വിസ്മയകരവുമായ ക്രിസ്തു ആരാധനയിലേക്കാണ്. ഇതാണ് മൂന്നാമത്തെ ക്രിസ്തു ദർശന നിമിഷമായി മാർപാപ്പ പറയുന്നത്. നമ്മുടെ ചോദ്യങ്ങളും, യാത്രയും, ക്ലേശങ്ങളുമെല്ലാം നമ്മെ അവസാനം ഈ ക്രിസ്തു ആരാധനയിലേക്കാവണം നയിക്കേണ്ടത്.
ഈ ആരാധന അവന്റെ സ്നേഹത്തിലേക്ക് നമ്മെ തന്നെ വിട്ടുകൊടുക്കുവാനും ആയിരിക്കണം. ഇതാണ് യഥാർത്ഥ ആരാധന. ഈ ആരാധനയാണ് ഇരുണ്ട രാത്രികളിൽ പോലും നമുക്ക് വെളിച്ചം നൽകുന്ന യഥാർത്ഥ സൂര്യനെ ദർശിക്കുവാൻ നമ്മെ സഹായിക്കുന്നത്.