മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 19-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മമ്മൂട്ടി തന്നെയാണ് സിനിമയുടെ റിലീസ് തീയതി പങ്കുവച്ചത്.
/sathyam/media/post_attachments/yfm8uLOfAd8OBZc2SG5A.jpg)
ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സിനിമയ്ക്ക് വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 12-നായിരുന്നു ചിത്രം ഐഎഫ്എഫ്‌കെയില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഷോയുടെ റിസര്‍വേഷന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സീറ്റുകള്‍ തീര്‍ന്നു. വേദിയില്‍ ക്യൂവില്‍ നിന്നവര്‍ക്ക് ചിത്രം കാണാനായില്ലെന്ന ആരോപണവുമായി നിരവധി ഡെലിഗേറ്റുകള്‍ പ്രതിഷേധവും നടത്തിയിരുന്നു.
ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജെയിംസ് അടക്കമുള്ള ഒരു പ്രഫഷനല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. യാത്രക്കിടെ ഇടയ്ക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറി ചെല്ലുന്നു.രണ്ട് വർഷം മുൻപ് ഗ്രാമത്തിൽ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലാണ് ജെയിംസിന്റെ പെരുമാറ്റം. ജെയിംസും തമിഴ്നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
എസ്. ഹരീഷാണ് സിനിമയുടെ തിരക്കഥ. തേനി ഈശ്വർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്.
എഡിറ്റിങ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ എ. ബക്കര്‍.