ബ്രസീൽ : ബ്രസീലിന്റെ മുൻ പ്രസിഡന്റ് ഹൈർ ബോൾസനാരോയുടെ അനുയായികൾ അദ്ദേഹം തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ അഴിച്ചു വിട്ട അക്രമം ഒതുക്കിയതായി ബ്രസീൽ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ രണ്ടു റൗണ്ടിലും ജയിച്ച ലുലാ ഡി സിൽവ അധികാരം ഏറ്റതിനു പിന്നാലെയാണ് ജനുവരി 8 ഞായറാഴ്ച ഡൊണാൾഡ് ട്രംപിന്റെ കടുത്ത ആരാധകനായ ബോൾസനാരോയുടെ അനുയായികൾ കോൺഗ്രസ്, സുപ്രീം കോടതി, പ്രസിഡന്റിന്റെ കൊട്ടാരം തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾക്കു നേരെ രാജ്യ വ്യാപകമായി ആക്രമണം നടത്തിയത്.
2021 ജനുവരി 6നു യുഎസ് ക്യാപിറ്റോളിൽ ട്രംപ് അനുകൂല വലതുപക്ഷ തീവ്രവാദികൾ നടത്തിയ അക്രമത്തിന്റെ ചുവടു പിടിച്ചായിരുന്നു ഈ ആക്രമണങ്ങൾ. അവ ഉടൻ അടിച്ചമർത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബോൾസനാരോ പക്ഷത്തിന്റെ തമ്പുകൾ പൊളിക്കാനും തെരുവിൽ അക്രമത്തിനു തുനിയുന്നവരെ ജയിലിൽ അടയ്ക്കാനും കോടതി ഉത്തരവ് നൽകി.
ഭരണഘടനയെ പിച്ചിക്കീറുന്ന ഭീകരവാദികളാണ് അവരെന്നും ജസ്റ്റിസ് അലസൻഡ്രെ ഡി മൊറായസ് പറഞ്ഞു. "അവരോടു വിട്ടുവീഴ്ച പാടില്ല. ജനാധിപത്യത്തെ മാനിക്കാൻ തയാറില്ലാത്തവർ ഉണ്ടാക്കിയ പ്രശ്നങ്ങളാണിത്."
നാനൂറോളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കലാപം അടിച്ചൊതുക്കാൻ ലുലാ നിയമിച്ച ഉദ്യോഗസ്ഥൻ റിക്കാർഡോ കാപ്പേലി തിങ്കളാഴ്ച അറിയിച്ചത് സ്ഥിതിഗതികൾ നിയന്ത്രണത്തിലായി എന്നാണ്.
ബ്രസീലിൽ അക്രമം അഴിച്ചു വിട്ടവരെ അപലപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡന്റ് ലുലയ്ക്കു ഉറച്ച പിന്തുണ നൽകി. ബോൾസനാരോ ഫ്ലോറിഡയിൽ പറന്നെത്തി എന്ന വാർത്തകൾക്കിടയിൽ ബൈഡൻ പറഞ്ഞു: "ജനാധിപത്യത്തിനു നേരെയും സമാധാനപരമായ അധികാര കൈമാറ്റത്തിനും നടന്ന അക്രമങ്ങളെ ഞാൻ അപലപിക്കുന്നു. ബ്രസീലിന്റെ ജനാധിപത്യ സ്ഥാപനങ്ങൾക്കു ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്. ബ്രസീലിയൻ ജനതയുടെ തീരുമാനങ്ങളെ അട്ടിമറിക്കാൻ ആരും ശ്രമിക്കരുത്."
ബോൾസനാരോയുടെ യുഎസിലെ സാന്നിധ്യം അദ്ദേഹം പരാമർശിച്ചില്ല.
ബ്രസീലും ഉൾപ്പെട്ട ബ്രിക്‌സ് ഗ്രൂപ്പിൽ അംഗമായ ഇന്ത്യ അക്രമത്തിൽ ആശങ്ക അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു: "ബ്രസീലിയയിൽ സർക്കാർ സ്ഥാപനങ്ങൾക്കു നേരെ നടന്ന അക്രമങ്ങളിൽ അഗാധമായ ആശങ്കയുണ്ട്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം."
ബോൾസനാരോയുടെ കലാപത്തിന് ആവേശം പകർന്നത് ട്രംപ് ആണെന്നു ഡെമോക്രാറ്റിക് നേതാക്കൾ ആരോപിച്ചു. "ദേശീയ ഭീകരന്മാർ ട്രംപിന്റെ ശൈലി പിന്തുടർന്നു ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അനുവദിക്കാൻ പറ്റില്ല," റെപ്. ജോയാക്വിൻ കാസ്ട്രോ (ടെക്സസ്) ട്വീറ്റ് ചെയ്തു.
ജനുവരി 6 കലാപനേരത്തു ക്യാപിറ്റോളിൽ ഉണ്ടായിരുന്ൻ റെപ്. ജിമ്മി ഗോമസ് (കലിഫോണിയ) പറഞ്ഞു: "ബ്രസീലിൽ നിന്നുള്ള വിഡിയോകൾ വളരെ അസ്വസ്ഥത ഉളവാക്കുന്നു."
തിരഞ്ഞെടുപ്പിൽ ബോൾസനാരോയെ പിന്തുണച്ച ട്രംപ് പുതിയ സംഭവവികാസങ്ങളെ കുറിച്ച് മിണ്ടിയിട്ടില്ല.