ന്യു ജേഴ്സി: രാജ്യവ്യാപകമായി ഗ്യാസ് അടുപ്പുകൾ നിരോധിക്കാൻ ബൈഡൻ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. ഗ്യാസ് സ്റ്റവ് പുറത്തു വിടുന്ന മാലിന്യങ്ങൾ പരിഗണിച്ചാണു കോൺസ്യുമർ പ്രോഡക്റ്റ് സേഫ്റ്റി കമ്മീഷൻ ഈ ശുപാർശ നൽകിയതെന്നു ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു.
/sathyam/media/post_attachments/1jcSRFEyureEjRw76anh.jpg)
ഈ മാലിന്യങ്ങൾ മൂലം ആരോഗ്യ പ്രശ്നങ്ങൾ, പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾ, ഉണ്ടാവുന്നു എന്നാണു നിഗമനം. "ഇതൊരു മറഞ്ഞിരിക്കുന്ന അപകടമാണ്," കമ്മീഷണർ റിച്ചാഡ് ട്രൂമ്കാ പറയുന്നു. "സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങൾ നിരോധിക്കയേ വഴിയുള്ളൂ."
യുഎസിലെ 40% വീടുകളിലും ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റവ് നൈട്രജൻ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ പുറത്തു വിടുന്നു. ഇവ പരിസ്ഥിതി സംരക്ഷണ ഏജൻസിയും ലോകാരോഗ്യ സംഘടനയും അനുവദിച്ചിട്ടുള്ള അളവിനേക്കാൾ കൂടുതലാണ്.
ശ്വാസ കോശ രോഗങ്ങൾക്കു പുറമെ ഹൃദ്രോഗം, കാൻസർ എന്നിവ ഉൾപ്പെടെ മറ്റു ആരോഗ്യ ഭീഷണികളും ഉണ്ടെന്നു അമേരിക്കൻ കെമിക്കൽ സൊസൈറ്റി, ന്യു യോർക്ക് യൂണിവേഴ്സിറ്റി ലോ സ്കൂളിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി ഇന്റഗ്രിറ്റി എന്നിവ നടത്തിയ പഠനത്തിൽ കണ്ടു.
കുട്ടികൾക്കുണ്ടാവുന്ന ആസ്മ 12% എങ്കിലും ഈ മാലിന്യങ്ങളിൽ നിന്നാണ്. ഗ്യാസ് അടുപ്പിന്റെ അപകടം അര നൂറ്റാണ്ടായി നടക്കുന്ന പഠനങ്ങളിൽ കാണുന്നുണ്ട്.
ഗ്യാസ് സ്റ്റവ് സുരക്ഷിതമല്ലാത്തതിനാൽ അവ നിരോധിക്കണമെന്ന് ഡെമോക്രാറ്റിക് സെനറ്റർ കോറി ബുക്കർ (ന്യു ജേഴ്സി) റെപ്. ഡോൺ ബെയർ (വിർജീനിയ) എന്നിവർ ഏജൻസിക്കു എഴുതിയിരുന്നു.
ഗ്യാസ് സ്റ്റവ് നിർമാതാക്കൾ പക്ഷെ പറയുന്നത് ഏതു തരം സ്റ്റവ്വിലും അപകടമുണ്ട് എന്നാണ്. അവരുടെ വാദം യഥാർത്ഥ പ്രശ്നം വായുസഞ്ചാരമാണ് എന്നതാണ്. സ്റ്റവ് നിരോധിച്ചിട്ടു കാര്യമില്ല.