പാരസെറ്റമോള്‍ മുതല്‍ ആന്റിബയോട്ടിക്കിന് വരെ ദൗർലഭ്യം ..!

author-image
athira kk
New Update

ഡബ്ലിന്‍ : വിന്റര്‍ കാല പകര്‍ച്ചവ്യാധികള്‍ വ്യാപകമായതിനെ തുടര്‍ന്ന് രാജ്യത്ത് മരുന്നുകളുടെ ക്ഷാമവും രൂക്ഷമാകുന്നു. അനാവശ്യമായി മരുന്നുകളൊന്നും സ്റ്റോക്ക് ചെയ്യരുതെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടില്‍ നിലവില്‍ 216 മരുന്നുകള്‍ക്ക് ഷോര്‍ട്ടേജുണ്ടെന്നാണ് ഹെല്‍ത്ത് പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റി വെളിപ്പെടുത്തുന്നത്.
publive-image
അതേ സമയം മരുന്നു ക്ഷാമത്തെ ലഘൂകരിച്ചു കാണുകയാണ് അധികൃതരെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.പാരസെറ്റമോള്‍ മുതല്‍ ആന്റിബയോട്ടിക്ക് മരുന്നുകള്‍ക്കു വരെ ക്ഷാമമുണ്ട്..ആന്റിബയോട്ടിക്കുകള്‍ യഥാസമയം ലഭിച്ചില്ലെങ്കില്‍ അത് രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമാകുമെന്ന് ആളുകള്‍ പറയുന്നു.ദിവസങ്ങളോ മണിക്കൂറുകള്‍ പോലുമോ വൈകി മരുന്നു കിട്ടിയിട്ട് കാര്യമില്ല.ബദലുകള്‍ ലഭിക്കുമെന്നാണ് മറ്റൊരു വിശദീകരണം. എന്നാല്‍ 84 മരുന്നുകള്‍ക്ക് ബദലുകളൊന്നുമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ബദല്‍ മരുന്നുകള്‍ക്കാകട്ടെ ഇരട്ടി വില നല്‍കേണ്ടിവരുന്നതായും ആളുകള്‍ പരാതിപ്പെടുന്നു.

Advertisment

ഡ്രൈ കഫ് സിറപ്പുകള്‍, തൊണ്ടവേദനയ്ക്കുള്ള സ്പ്രേകള്‍, ലോസഞ്ചുകള്‍ എന്നിങ്ങനെയുള്ള കൗണ്ടര്‍ മെഡിസിനുകള്‍ക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്.അസംസ്‌കൃത വസ്തുക്കളുടെ കുറവും നിര്‍മ്മാണത്തിലെ ബുദ്ധിമുട്ടുകളുമടക്കം വിവിധ കാരണങ്ങളാണ് മരുന്നുക്ഷാമത്തിനിടയാക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു.

രോഗികളേറുന്നതും വിതരണത്തിലെ പ്രശ്നങ്ങളും

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ക്രമരഹിതമായ വ്യാപനവും ജലദോഷം, പനി തുടങ്ങിയ സീസണല്‍ രോഗങ്ങളുടെ വര്‍ധനവും മൂലം മരുന്നുകള്‍ക്ക് ആവശ്യക്കാരേറിയതും ക്ഷാമത്തിന്റെ കാരണങ്ങളാണ്. മുന്‍ വര്‍ഷങ്ങളില്‍ സാധാരണയുള്ളതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാളുകളാണ് മരുന്നുകള്‍ക്കായി ഫാര്‍മസികളെ ആശ്രയിക്കുന്നത്.അയര്‍ലണ്ടിനൊപ്പം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും മരുന്നുക്ഷാമം രൂക്ഷമാണ്.

വിതരണശൃംഖലയുടെ പ്രശ്നങ്ങളും മരുന്നു ക്ഷാമത്തിന് പിന്നിലുണ്ട്.യൂറോപ്പിലുടനീളം ക്ഷാമമുണ്ട്. എന്നാല്‍ അതിന്റെ അവസാനത്തിലാണ് അയര്‍ലണ്ടെന്നതും തടസ്സമുണ്ടാക്കുന്നു.

മരുന്ന് വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യഥാസമയം അറിയുന്നില്ലെന്ന പ്രശ്നവുമുണ്ട്. നാല് മുതല്‍ എട്ട് ആഴ്ച വരെ വൈകിയാണ് വിവരങ്ങള്‍ ലഭിക്കുന്നതെന്ന് ഫാര്‍മസിസ്റ്റുകള്‍ പറയുന്നു.ഇത്രയും വൈകുന്നതിനാല്‍ ലഭിക്കുന്ന വിവരങ്ങള്‍ പലപ്പോഴും കാലഹരണപ്പെട്ടതാകാറുണ്ടെന്നും അവര്‍ പറയുന്നു.

മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് വിതരണശൃംഖലയെ ഉടച്ചുവാര്‍ക്കണമെന്ന് യൂറോപ്യന്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പടെയുള്ള സംഘടനകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പരിഭ്രാന്തി വേണ്ട

മരുന്നുക്ഷാമത്തിന്റെ പേരില്‍ പരിഭ്രാന്തിയുടെ കാര്യമില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. കാരണം ഇത് ആഗോള പ്രശ്നത്തിന്റെ ഭാഗമാണ്. ഇന്‍ഫ്ളുവന്‍സ കേസുകള്‍, കോവിഡ്, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവയുടെ വര്‍ധനവാണ് നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്.

മരുന്ന് കിട്ടില്ലെന്ന് അമിതമായി ആശങ്കപ്പെടേണ്ടതില്ല. അതിന്റെ പേരില്‍ കൂടുതല്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജി പി നിര്‍ദ്ദേശിക്കുന്ന മരുന്ന് ലഭ്യമല്ലെങ്കില്‍,ഫാര്‍മസി ബദല്‍ മെഡിസിന്‍ നല്‍കുന്നുണ്ട്.

Advertisment