ന്യൂയോര്‍ക്ക്: ടെസ്ല, സ്പേസ് എക്സ്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളുടെ അധിപനായ ശത കോടീശ്വരന്‍ ഇലോണ്‍ മസ്കിന് 15 മാസത്തിനിടെ നഷ്ടമായത് 182 ബില്യണ്‍ ഡോളര്‍. ഏറ്റവും അധികം സാമ്പത്തിക നഷ്ടം നേരിട്ട വ്യക്തിയെന്ന ലോക റെക്കോഡാണ് ഇതോടെ മസ്കിനെ തേടിയെത്തിയത്.
/sathyam/media/post_attachments/xKtP1CD9YJ3Ch2xAUlHd.jpg)
2021 നവംബറില്‍ മസ്കിന്റെ ആസ്തി 320 ബില്യണ്‍ ഡോളറായിരുന്നു. അന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയും അദ്ദേഹംതന്നെയായിരുന്നു. എന്നാല്‍, 2023 ജനുവരി ആയപ്പോഴേക്കും 137 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഓഹരി വിപണിയില്‍ ടെസ്ലയുടെ മോശം പ്രകടനമാണ് മസ്കിനെ ഏറ്റവും രൂക്ഷമായി ബാധിച്ചത്. ടെസ്ലയുടെ ഓഹരിയില്‍ 2022ല്‍ മാത്രം 65 ശതമാനത്തിന്റെ നഷ്ടമാണുണ്ടായത്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ അടക്കമുള്ള പ്രശ്നങ്ങളും മസ്കിനെ ബാധിച്ചു.
ഇത്രയും വലിയ നഷ്ടം സംഭവിച്ചിട്ടും ലോക സമ്പന്ന പട്ടികയില്‍ 190 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഫ്രഞ്ച് സമ്പന്നന്‍ ബെര്‍ണാഡ് അര്‍ണോള്‍ട്ടിനു മാത്രം പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇലോണ്‍ മസ്ക് ഇപ്പോള്‍.
2000ത്തിലെ ഡോട്ട് കോം തകര്‍ച്ചയില്‍ വന്‍ നഷ്ടം നേരിട്ട ജാപ്പനീസ് ടെക് സംരംഭകനായിരുന്ന മസയോഷി സണ്ണിന്റെ പേരിലായിരുന്നു ഇതുവരെയുള്ള നഷ്ടത്തിന്റെ റെക്കോഡ്. സണ്ണിന്റെ സോഫ്റ്റ്ബാങ്ക് തകര്‍ച്ച നേരിട്ട് 2000 ഫെബ്രുവരിയില്‍ 78 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്നത് 2000 ജൂലൈ ആയപ്പോഴേക്കും 19.4 ബില്യണ്‍ ഡോളറായി കുറയുകയായിരുന്നു.